പരിവര്‍ത്തന്‍ യാത്രയ്ക്ക് ആളെക്കൂട്ടാന്‍ നര്‍ത്തകിമാരെ ഇറക്കി ബിജെപി; ‘വിവാദ’ നൃത്തത്തില്‍ കുടുങ്ങി നേതൃത്വം  

ബംഗളൂരു : ബിജെപി കര്‍ണാടക ഘടകം നയിക്കുന്ന പരിവര്‍ത്തന്‍ യാത്രയ്ക്ക് ആളെക്കൂട്ടാന്‍ നര്‍ത്തകിമാരെ അണിനിരത്തിയത് വിവാദത്തില്‍. സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി അദ്ധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ നയിക്കുന്ന നവനിര്‍മ്മാണ്‍ പരിവര്‍ത്തന്‍ യാത്രയാണ് വിവാദത്തിലായിരിക്കുന്നത്. ചിക്‌ബെല്ലാപുര ജില്ലയിലെ ബാഗപ്പള്ളിയിലെ ഗൂലൂരില്‍ യാത്രയോടനുബന്ധിച്ച് പൊതുയോഗമുണ്ടായിരുന്നു. എന്നാല്‍ യാത്രാ സ്വീകരണ പരിപാടിയിലേക്ക് ആളെക്കൂട്ടാന്‍ ഓര്‍ക്കസ്ട്രയും നര്‍ത്തകിമാരെയും പാര്‍ട്ടി ഏര്‍പ്പാട് ചെയ്തു. സിനിമാ ഗാനങ്ങള്‍ക്കൊത്ത് നര്‍ത്തകി വേദിയില്‍ ചുവടുവെയ്ക്കും.എന്നാല്‍ അതിനിടെ ഒരു മുതിര്‍ന്നയാള്‍ വേദിയില്‍ കയറി നര്‍ത്തകിയോടൊപ്പം ചുവടുവെച്ചു. ഈ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് വിവാദം ഉടലെടുത്തത്. നര്‍ത്തികമാരെയും മറ്റും രംഗത്തിരക്കി ആളെക്കൂട്ടേണ്ട ഗതികേടിലാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ണാടകയുടെ പൈതൃകവും സംസ്‌കാരം സംരക്ഷിക്കാന്‍ ബിജെപി അധികാരത്തിലെത്തണമെന്നാണ് പാര്‍ട്ടി മുദ്രാവാക്യം. എന്നാല്‍ ഇത്തരത്തില്‍ പാര്‍ട്ടി പരിപാടികളില്‍ നര്‍ത്തകിമാരെ അണിനിരത്തി അവര്‍ക്കൊപ്പം ആളുകളെ അഴിഞ്ഞാടാന്‍ വിട്ടാണോ ബിജെപി സംസ്‌കാരം സംരക്ഷിക്കുകയെന്ന് സമൂഹ മാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയരുകയാണ്. ഇതോടെ വിമര്‍ശനങ്ങള്‍ക്ക് വിശദീകരണം നല്‍കാനാകാതെ ഉഴലുകയാണ് നേതൃത്വം. നവംബര്‍ രണ്ടിന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായാണ് പരിവര്‍ത്തന്‍ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 75 ദിവസം കൊണ്ട് 224 നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ ഈ മാസം 15 ന് സമാപിക്കും.

Top