അഹമ്മദാബാദ്:രാജ്യദ്രോഹ വിവാദമുള്‍പ്പെടെ കത്തി നില്‍ക്കുമ്പോള്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്.നാല്‍പത്തിയെട്ട് മണിക്കൂറിനിടെ പാകിസ്താന്‍ മറൈന്‍ സെക്യൂരിറ്റി ഏജന്‍സി 88 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസറ്റ് ചെയ്തു.ദേശീയ മത്സ്യത്തൊഴിലാളി സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. പതിനാറ് മത്സ്യബന്ധന ബോട്ടുകളും പാകിസ്താന്‍ പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി ഗുജറാത്ത് തീരത്തെ ജഖു തുറമുഖത്തിന് പുറത്തുവച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
കടല്‍ അതിര്‍ത്തി ലംഘിച്ചതിനാണ് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായത്. കടലിലെ അതിര്‍ത്തി മനസ്സിലാക്കുന്നതിന് അടയാളങ്ങള്‍ ഇല്ലാത്തതാണ് മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി ലംഘിക്കുന്നതിന്റെ പ്രധാന കാരണം. ജി.പി.എസിനെ ആശ്രയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിക്കുന്നത്. പുതിയ ബോട്ടുകളില്‍ മാത്രമാണ് ഇവയുള്ളത്.