ശാലിനി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ കാര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോര് മുറുകുന്നു. ജാദവിനെ ചാര പ്രവര്‍ത്തനത്തിന് പിടികൂടി എന്ന വാദം തെളിയിക്കാന്‍ പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തു വിട്ടു.താന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ ആണെന്നും തന്നെ സന്ദര്‍ശിച്ച അമ്മയെയും ഭാര്യയേയും പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി ശകാരിച്ചു എന്നും ജാദവ് വീഡിയോയില്‍ പറയുന്നുണ്ട്.
നേരത്തെയും ജാദവിനെ ഭീഷണിപ്പെടുത്തി ഇന്ത്യന്‍ ചാരനാണ് എന്ന് പറയിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം നടത്തിയിരുന്നു അത് തടഞ്ഞത് അമ്മയുടെ ഇടപെടല്‍ ആണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ വീഡിയോ വന്നതോടെ വിദേശകാര്യമന്ത്രാലയം പാക്കിസ്ഥാനെ വിമര്‍ശിച്ചു രംഗത്തെത്തി. ജാദവിനെ കണ്ട അമ്മയെയും ഭാര്യയേയും ഇന്ത്യന്‍ സ്ഥാനപതി ശകാരിച്ചു എന്ന് വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട് ഇത് കുല്ഭൂഷന്‍ എങ്ങനെയാണ് കണ്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ചോദിച്ചു.
അദ്ദേഹത്തെ ഭീഷണിപ്പെടുത്തി റെക്കോര്ഡ് ചെയ്യിച്ച വീഡിയോ ആണ് ഇതെന്ന് ഇതില്‍ നിന്ന് വ്യക്തമാകും. പാക്കിസ്ഥാന്റെ ഇത്തരം പ്രവര്‍ത്തികള്‍ ഗൂഡലക്ഷ്യത്തോടെ ഉള്ളതാണെന്ന് ഇന്ത്യ ശക്തമായി പ്രതികരിച്ചു. ജാദവിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തതല്ല എന്നും ഇറാനില്‍ നിന്ന് തട്ടിയെടുത്തു സൈന്യത്തിന് കൈമാറിയതാണ് എന്നും നേരത്തെ ബലൂച് നേതാവായ മാറി പറഞ്ഞിരുന്നു. ഈവാക്കുകള്‍ പാക്കിസ്ഥാന്റെ വാദത്തിന്‍റെ മുനയോടികുന്നതാണ്. ഇതിനു പുറമേ മാറിയുടെ വാക്കുകള്‍ ശരിവച്ചു കഴിഞ്ഞ ദിവസം ജയ്ശുല്‍ അദുല്‍ ഭീകര സംഘടന നേതാവ് മുല്ല ഉമര്‍ ഇറാനി രംഗത്തെത്തി.
ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന് സമീപമുള്ള സര്ബാസ് നഗരത്തില്‍ നിന്നാണ് ജാദവിനെ തട്ടിയെടുത്തത് എന്ന് ഇറാനി പറഞ്ഞു. പണത്തിനു വേണ്ടി ഇത്തരം ബന്ദികളെ പാകിസ്താന്‍ സേനക്ക് കൈമാറാറുണ്ടു എന്ന് മാറി നേരത്തെ പറഞ്ഞിരുന്നു. ജാദവിനെ കാണാന്‍ പോയ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ മോശമായി പെരുമാറി എന്ന് കാണിച്ചു ഇന്ത്യ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഇനി ക്രിക്കറ്റ് കളി പോലും വേണ്ടെന്നും ഇന്ത്യ ശഠിച്ചു.ജാദവ് വിഷയത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ഇറാനി ബലൂച് സ്വദേശിയാണ്. ജമാ അത്ത് ഉദ്ദവ ഭീകര സംഘടനയുമായി ഇയാളുടെ സംഘത്തിന് അടുത്ത ബന്ധമുണ്ട്. ജമാ അത്ത് ഉദ്ദവ നേതാവായ ഹഫീസ് സയീദ്‌ന്‍റെ റാലിയില്‍ പാക്കിസ്ഥാനിലെ പാലസ്തീന്‍ സ്ഥാനപതിയെ പങ്കെടുപ്പിച്ചതും ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്.
മുംബൈ ഭീകരാക്രമണ കേസിന്റെ ബുദ്ധി കേന്ദ്രമായ ഹഫീസ് സയീദ്‌നെ ഇത് വരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സാധിച്ചിട്ടില്ല . പാക്കിസ്ഥാന്‍ സയീദ്‌നെ എക്കാലവും സംരക്ഷിച്ചു പോന്നു എന്നും ഇന്ത്യക്ക് നേരത്തെ എതിര്‍പ്പുണ്ട്. എന്തായാലും ഇറാനിയുടെ പുതിയ വെളിപ്പെടുത്തല്‍ നാവിക സേനയില്‍ നിന്ന് വിരമിച്ചു ഇറാനില്‍ വ്യാപാരത്തിന് പോയ ജാദവിനെ പാക്കിസ്ഥാന്‍ തട്ടിയെടുത്ത് ചാരനായി ചിത്രീകരിച്ചതാണ് എന്ന ഇന്ത്യയുടെ വാദത്തിന് ബലമേരുകയാണ്.