യുദ്ധം വേറെ ചികിത്സ വേറെ; പാക് ബാലന് ചികിത്സയ്ക്കായി ഇന്ത്യയിലെത്താം; നന്‍മയുടെ പൊന്‍വെളിച്ചവുമായി സുഷമാ സ്വരാജ്

ഇന്ത്യ-പാക് അതിര്‍ത്തിയിലെ തുടര്‍ സംഘര്‍ഷങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്തുമ്പോഴും, നന്മയുടെ നുറുങ്ങുവെട്ടം കെടാതെ സൂക്ഷിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാകിസ്താനില്‍ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് തന്റെ രണ്ടര വയസുകാരന്‍ മകന് ഇന്ത്യയില്‍ ചികിത്സ തേടാന്‍ അനുമതി തേടിയ പാക് യുവാവിനും കുടുംബത്തിനും മെഡിക്കല്‍ വിസ അനുവദിച്ചുകൊണ്ടാണ് സുഷമ സ്വരാജ് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായത്.

”ഇവന്‍ എന്റെ മകനാണ്. അവന്റെ രോഗത്തെക്കുറിച്ചോ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ സംഭവിക്കുന്നതെന്തെന്നോ ഇവനറിയില്ല.” കെന്‍ സയീദ് എന്ന പാക്കിസ്ഥാന്‍ പൗരന്‍ അവസാന ആശ്രയമെന്ന നിലയിലാണ് കേന്ദ്രമന്ത്രി സുഷമസ്വരാജിന്റെ ട്വിറ്റര്‍ എക്കൗണ്ടിലേക്ക് ഇങ്ങനെ കുറിച്ചത്. ഒരു വയസ്സുപ്രായമുള്ള തന്റെ മകന്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് നല്ല ചികിത്സ ലഭിക്കാതിരുന്നപ്പോഴാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജിന്റെ ട്വിറ്റര്‍ പ്ലാറ്റ്‌ഫോമിലേക്ക് കെന്‍ സയീദ് ട്വീറ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സയീദിന്റെ പോസ്റ്റിനു കീഴില്‍ അദ്ദേഹത്തിന്റെ കുഞ്ഞിന് സഹായം ഉറപ്പാക്കണമെന്ന അഭ്യര്‍ഥനയുമായി ഒട്ടേറെ ഇന്ത്യക്കാരുമെത്തിയതോടെ പോസ്റ്റ് വൈറലായി. കുഞ്ഞിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥനയും ആശംസകളും നേര്‍ന്ന് കമന്റുകള്‍ കുമിഞ്ഞുകൂടുന്നതിനിടെ, സാക്ഷാല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയില്‍നിന്നും മറുപടിയെത്തി. ‘ഇല്ല. ഈ കുഞ്ഞ് സഹിക്കേണ്ടി വരില്ല. പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ ബന്ധപ്പെടുക. ഞങ്ങള്‍ മെഡിക്കല്‍ വീസ ലഭ്യമാക്കാം.’

സുഷമയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ എംബസിയെ സമീപിച്ച സയീദിനും കുടുംബത്തിനും നിരാശപ്പെടേണ്ടി വന്നില്ല. മൂന്നു മാസത്തെ വീസയ്ക്കായി ശ്രമിച്ചുവന്ന സയീദിനും കുടുംബത്തിനും നാലു മാസത്തേയ്ക്കുള്ള വീസയാണ് വിദേശകാര്യ മന്ത്രാലയം അനുവദിച്ചത്.

ഇതിനുശേഷമാണ് കെന്‍ സയീദ് സുഷമയുടെ ട്വിറ്ററില്‍ തന്റെ നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. പ്രകടമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും മനുഷ്യത്വം നിലനില്‍ക്കുന്ന കാഴ്ച ഏറ്റവും ഹൃദ്യമായ ഒന്നാണ്. നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും നന്ദി. മനുഷ്യത്വം ഇപ്പോഴും നിലനില്‍ക്കുന്നു. എല്ലാവരെയും സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.

സുഷമ സ്വരാജിന്റെ രാജ്യാതിര്‍ത്തി കടന്നുള്ള മനുഷ്യത്വത്തെ സയീദ് മാത്രമല്ല, നിരവധിപ്പേരാണ് സുഷമയ്ക്ക് ആശംസകളറിയിച്ചത്.അടുത്തിടെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി വിവാഹം ചെയ്ത് പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ മോചിപ്പിച്ച് ഇന്ത്യയിലേക്കെത്തിച്ചതിലും സുഷമ സ്വരാജ് വലിയ പങ്കാണ് വഹിച്ചിരുന്നത്. അതും സോഷ്യല്‍മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

Top