ശാലിനി ( ഹെറാൾഡ് സ്‌പെഷ്യൽ )
ന്യൂ ഡല്‍ഹി: ഭഗവാന്‍ ഹനുമാനും ഇന്ത്യയില്‍ പിടിയിലായ പാക് ചാരനും ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ടും ഗ്യാസ് കണക്ഷനും ഉള്ളതായി ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ലാണ് ഭഗവാന്‍ ഹനുമാന് ആധാര്‍ കാര്‍ഡ് അനുവദിച്ചതെങ്കില്‍ 2016 ലാണ് ഇന്ത്യയില്‍ പിടിയിലായ പാക് ചാരന് ആധാര്‍ അനുവദിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ രണ്ടു ആധാര്‍ നമ്പറുകളും ബാങ്ക് അക്കൌണ്ടും ഗ്യാസ് കണക്ഷനുമായും ബന്ധിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി.
ഭഗവാന്‍ ഹനുമാന് ആധാര്‍ നമ്പര്‍ അനുവദിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു എന്നാല്‍ ആ ആധാര്‍ കാര്‍ഡ് റദ്ദു ചെയ്തു എന്ന് ആധാര്‍ അതോറിറ്റി അന്ന് വ്യക്തമാക്കിയതാണ്. പിന്നെ എങ്ങനെയാണ് റദ്ദ് ചെയ്ത ആധാര്‍ കാര്‍ഡ് വീണ്ടും സജീവമാകുന്നത് ? ഈ രണ്ടു അക്കൌണ്ടുകളും നിലവിലും സജീവമാണ് എന്ന് തെളിയിക്കുകയാണ് ബാങ്കിന്റെയും ഗ്യാസ് കമ്പനിയിലെയും വെബ്സൈറ്റ് എന്നും ദി വയര്‍ ചൂണ്ടിക്കാണിക്കുന്നു.
2016 ഒക്ടോബറില്‍ ഡല്‍ഹി പൊലീസ് പിടി കൂടിയ പാക് ചാരന്‍ മെഹമ്മൂദ് അക്തറില്‍ നിന്ന് ആധാര്‍ കാര്‍ഡ് കണ്ടെടുത്തിരുന്നു. മെഹ്ബൂബ് രജ്പൂത് എന്ന പേരിലാണ് ഇയാള്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയിരുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡിന്‍റെ ചിത്രം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡിലെ നമ്പര്‍ നിലവിലുണ്ടോ എന്ന് ആധാര്‍ വെബ്സൈറ്റില്‍ ഡിസംബറില്‍ പരിശോധിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു വെബ്സൈറ്റ് നല്‍കിയ വിവരം. ഇക്കാര്യം ആധാര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയതിന് ശേഷം ആധാര്‍ വെബ്സൈറ്റില്‍ നിന്ന് പ്രസ്തുത വിവരം മാറ്റപ്പെട്ടു. എന്നാല്‍ ഇതേ നമ്പറില്‍ ഇപ്പോഴും ബാങ്ക് അക്കൗണ്ടും ഗ്യാസ് കണക്ഷനും നിലവിലുണ്ടെന്നും ഇവ രണ്ടും സജീവമാണെന്നും ബാങ്കിന്‍റെയും ഗ്യാസ് കമ്പനിയുടെയും വെബ്സൈറ്റ് പറയുന്നു.
ആധാരുമായി ബന്ധപ്പെട്ടു നിരവധി ആശങ്കകള്‍ ആണ് ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നത് എന്നിരിക്കില്‍ ഇതൊരു ഗുരുതരമായ വീഴ്ചയാണ്. ആധാരില്‍ കൃത്രിമം കാണിക്കാന്‍ ആകില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെ പൊളിച്ചടുക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍.ഡിസംബറില്‍ ‘ദി വയര്‍’ ഇക്കാര്യം ആധാര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഡിസംബറില്‍ തന്നെ റദ്ദാക്കല്‍ യഥാര്‍ത്ഥത്തില്‍ നടന്നിരുന്നെങ്കില്‍ ജനുവരിയില്‍ ബാങ്കിന്‍റെയും ഗ്യാസ് കമ്പനിയുടെയും വെബ്സൈറ്റുകളില്‍ ഈ ആധാര്‍ നമ്പറുകളില്‍ ബന്ധപ്പിച്ച സേവനങ്ങള്‍ സജീവമാണെന്ന് കാണിക്കുന്നത് എങ്ങനെയാണ് ? ബിനാമി ഇടപാടുകളും ആള്‍ മാറാട്ടങ്ങളും തടയാനാണ് ആധാര്‍ കാര്‍ഡ് എങ്കില്‍ ആ ലക്‌ഷ്യം അതി വിദൂരമാണ് എന്നുതന്നെയാണെന്ന് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. നേരത്തെ ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും 500 രൂപയ്ക്കു വാങ്ങാമെന്നു ഒരു വനിതാ മാധ്യമ പ്രവര്‍ത്തക കണ്ടെത്തിയിരുന്നു. വിഷയത്തില്‍ അവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തതില്‍ രാജ്യമാകമാനം പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണ് ഇല്ലാത്ത ആധാര്‍ കാര്‍ഡുകളും വ്യാജ കാര്‍ഡുകളും അവ ലിങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടും ഗ്യാസ് കണക്ഷനും എല്ലാം പുറത്തു വരുന്നത്. ഈ ആരോപണങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ പ്രതിരോധിക്കും ? എന്ത് സുരക്ഷയാണ് ബയോമെട്രിക് ഐഡന്റിറ്റി കാര്‍ഡായ ആധാര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കുന്നത്?