ഇന്ത്യയില്‍ പിടിയിലായ പാക് ചാരസംഘടന മേധാവിയുടെ മകന്‍ രക്ഷപ്പെട്ടതെങ്ങനെ? രഹസ്യങ്ങളുടെ കെട്ടഴിച്ച് ‘ചാരവൃത്തിയുടെ ഇതിഹാസം’

ഇന്ത്യയും പാകിസ്ഥാനും ചിരകാലവൈരികളാണ്. ഇരുരാജ്യങ്ങളുടെയും പ്രതിരോധ ഉദ്യോഗസ്ഥരും ഇതേ ശത്രുത സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും മുന്‍ ചാരത്തലവന്മാര്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു പുസ്തകം എഴുതാനൊരുങ്ങുകയാണ്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ(റോ) മുന്‍ സെക്രട്ടറി അമര്‍ജിത് സിംഗ് ദുലതും(1999-2000) പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) മുന്‍ ഡയറക്ടര്‍ ജനറല്‍ അസദ് ഡുറാനിയും(1990-91) പലപ്പോഴായി നടത്തിയ സംഭാഷണങ്ങളാണ് പുസ്തമാകാന്‍ പോകുന്നത്.

ആദ്യമായി റോ, ഐഎസ്‌ഐ മേധാവിമാര്‍ സംയുക്തമായി പുറത്തിറക്കുന്ന ‘ചാരവൃത്തിയുടെ ഇതിഹാസം’ (The Spy Chronicles: RAW, ISI and the Illusion of Peace) എന്ന പുസ്തകം തയാറാക്കിയത് മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ സിന്‍ഹയാണ്. ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണങ്ങളില്‍ 1.7 ലക്ഷം വാക്കുകളാണുള്ളത്. പുസ്തകത്തിന്റെ പാതി ഭാഗം ‘ചാരചരിത്രം’ എന്ന പേരില്‍ ബുധനാഴ്ച പുറത്തിറങ്ങും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവരവരുടെ മാതൃരാജ്യങ്ങളില്‍ വച്ച് ഇരുവരും പരസ്പരം കണ്ടുമുട്ടിയിട്ടില്ലെന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത. ഇസ്താംബുള്‍, ബാങ്കോക്ക്, കാഠ്മണ്ഡു എന്നിവിടങ്ങളിലാണ് കൂടിക്കാഴ്ചകള്‍ നടന്നത്. ‘എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിട്ടില്ല’ എന്ന വാചകമാണ് പുസ്തകം പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.

ദീര്‍ഘകാലം ദക്ഷിണേഷ്യയെ വേട്ടയാടി വിഷയങ്ങളാണ് ഈ സംഭാഷണങ്ങളിലുള്ളതെന്ന് സിന്‍ഹ പറഞ്ഞു. ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയവും പുസ്തകം ചര്‍ച്ച ചെയ്യുന്നു. മുംബൈ ഭീകരാക്രമണം, കുല്‍ഭൂഷണ്‍ ജാദവ്, പഠാന്‍കോട്ട് ആക്രമണം, മിന്നലാക്രമണങ്ങള്‍, ഉസാമ ബിന്‍ലാദന്‍, ഇന്ത്യ-പാക്ക് ബന്ധത്തിലെ യുഎസ് റഷ്യ ഇടപെടലുകള്‍, പൊഖ്‌റാന്‍ സ്‌ഫോടനം, നരേന്ദ്ര മോദി, അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിയ നിരവധി വിഷയങ്ങളാണു പുസ്തകം പരാമര്‍ശിക്കുന്നത്.

മുംബൈയില്‍പ്പെട്ടുപോയ ഡുറാനിയുടെ മകന്‍ ഒസ്മാനെ ദുലത്തും സഹപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയ സംഭവവും പുസ്തകത്തില്‍ പറയുന്നു. 2015 മേയില്‍ ഒരു ജര്‍മന്‍ കമ്പനിയില്‍ ജോലിക്കായാണ് അസദ് ദുറാനിയുടെ മകന്‍ ഉസ്മാന്‍ ദുറാനി കൊച്ചിയിലെത്തുന്നത്. അധികം വൈകാതെ ഉസ്മാന് രാജ്യത്തുനിന്നും എക്‌സിറ്റ് നല്‍കി. വന്നവഴി മടങ്ങമെന്നാണു വിസാ ചട്ടം. പക്ഷേ അദ്ദേഹത്തിന്റെ കമ്പനി ടിക്കറ്റ് ബുക്ക് ചെയ്തത് മുംബൈ വഴിയുള്ള വിമാനത്തില്‍. മുംബൈയിലെത്തിയ ഉസ്മാനെ വിമാനത്താവള അധികൃതര്‍ പിടിച്ചുവച്ചു. വിവരമറിഞ്ഞ അസദ് ദുറാനി പരിഭ്രമത്തിലായി. മുംബൈ സ്‌പെഷല്‍ ബ്രാഞ്ച് ഉസ്മാനെ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ തുടങ്ങി. ഈ സമയം മകനെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ച് അമര്‍ജിത് സിങ് ദുലത്തിനെ തേടി അസദിന്റെ വിളിയെത്തി. അന്നത്തെ റോ മേധാവി രജീന്ദര്‍ ഖന്ന ഉള്‍പ്പെടെ ഒരുപാടു പേരെ ദുലത്തും വിളിച്ചു. 24 മണിക്കൂറിനകം കാര്യങ്ങള്‍ മാറിമറിഞ്ഞു. ഒരു ദിവസം കസ്റ്റഡിയില്‍ കഴിയേണ്ടിവന്നെങ്കിലും ഉസ്മാന്‍ ഒരു പോറലുമേല്‍ക്കാതെ ജര്‍മനിയിലേക്കു പറന്നു. അവിടെനിന്നു പാക്കിസ്ഥാനിലേക്കും.

ദുലത്തിന്റേതാണ് പുസ്തകമെന്ന ആശയം. ‘നമ്മള്‍ കഥയെഴുതിയാല്‍ ആരും നമ്മളെ വിശ്വസിക്കില്ല’ എന്നായിരുന്നു ദുലത് അതു പറഞ്ഞപ്പോള്‍ ഡുറാനിയുടെ മറുപടി.

നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ചടങ്ങിലേക്ക് അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചതിനെക്കുറിച്ചും ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പാകിസ്ഥാനോടുള്ള സമീപനത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. ഹാര്‍പ്പര്‍ കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Top