രാഷ്ട്രീയ കേരളം ഉദ്വേഗത്തോടെ ഉറ്റുനോക്കുന്ന പാലാ ഉപ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് അവസാനമാകുമ്പോൾ മുന്നണികളെല്ലാം പ്രതീക്ഷയിലാണ്. കഴിഞ്ഞ ഒരാഴ്ച്ച നടത്തിയ അധ്വാനത്തിൻ്റെ ഫലമാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. ഫലമറിയാൻ 27 വരെ കാത്തിരിക്കേണ്ടതുണ്ട്. വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്ത യുഡിഎഫ് – എൽഡിഎഫ് മുന്നണികളുടെ പോരാട്ടത്തിനിടയിൽ ശക്തമായ പോരാട്ടം കാഴ്ച്ചവയ്ക്കാനാണ് എൻഡിഎ ശ്രമിക്കുന്നത്.
പാലാ മണ്ഡലത്തിൽ ഇത്തവണ ശക്തമായ അടിയോഴുക്കുകളുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അതിനാൽ മൂന്ന് പ്രധാന മുന്നണികളും പരസ്യ പ്രചാരണത്തിന് വലിയ സ്ഥാനം നൽകിയില്ല. വാൾപോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും ഒഴിവാക്കിയായിരുന്നു പ്രചാരണം. വീടുവീടാന്തരം കയറിയിറങ്ങിയുള്ള വോട്ട് അഭ്യർത്ഥനയ്ക്കാണ് മുൻതൂക്കം നൽകിയത്. കുടുംബയോഗങ്ങളിലാണ് എല്ലാ മുന്നണികളും ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ സാമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണവും മുന്നിട്ടുനിന്നു.
പാലാ മണ്ഡലം നിലനിറുത്തുകയെന്നത് കേരള കോൺഗ്രസിന്റെ മാത്രം ചുമതലയല്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കോൺഗ്രസിന് ഇത്തവണ പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ വിജയിപ്പിച്ചേ പറ്റൂ. അതിനുളള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇടഞ്ഞുനിന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമം വിജയിച്ചതും യു.ഡി.എഫിന് ആശ്വാസമായി.
എന്നാൽ മണ്ഡലത്തിലെ സാമുദായിക ഘടകങ്ങൾ ആർക്കൊപ്പമാണെന്നത് പ്രവചനാതീതമായിരിക്കുകയാണ്. എസ്എൻഡിപി ഇടത് പക്ഷത്തേയ്ക്ക് ചായുന്നതിൻ്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും വെള്ളാപ്പള്ളി നടേശൻ്റെ വാക്കിനൊത്തുള്ള പ്രവർത്തി അവിടെ പ്രതീക്ഷിക്കാനാവില്ല. മണ്ഡലത്തിലെ മറ്റൊരു പ്രധാന സമുദായമായ ദലിത് ക്രിസ്ത്യൻ വിഭാഗം ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു.