വികാര നിർഭരം ശാസ്ത്രലോകം: പൊട്ടിക്കരഞ്ഞ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍..!! പിന്തുണയും ആശ്വാസവുമായി രാജ്യം ഒന്നടങ്കം

ബെംഗളൂരു: ചാന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനൊരുങ്ങിയ വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ അനിശ്ചിതത്വം തുടരുന്നു. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നു 2.1 കിലോമീറ്റര്‍ ഉയരെ വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബെംഗളൂരുവിലെ പീനിയ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് കേന്ദ്രവുമായുള്ള ബന്ധം നഷ്ടമായിരുന്നു.

അതേസമയം ശാസ്ത്രജ്ഞരുടെ ഇതുവരെയുള്ള നേട്ടത്തില്‍ പിന്തുണയുമായി രാജ്യം ഒന്നടങ്കം എത്തിയിട്ടുണ്ട്. ചാന്ദ്രയാന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയൂം എത്തി. ഇതുവരെ ഉള്ളത് അഭിമാനകരമായ നേട്ടമാണെന്നും നിരാശപ്പെടേണ്ടതില്ലെന്നും ധൈര്യത്തോടെ മുമ്പോട്ട് പോകാനുമാണ് ആഹ്വാനം.

തിരിച്ചടിയിൽ തളരരുതെന്നും ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരാനുണ്ടെന്നും മോദി പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ബെംഗളൂരുവിലെ ഐഎസ് ആര്‍ ഒ കേന്ദ്രത്തില്‍ നടന്നത് വികാരനിര്‍ഭരമായ രംഗങ്ങള്‍.

രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ സ്വന്തം മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇത് ചുറ്റും നിന്നവരെയെല്ലാം സങ്കടത്തിലാക്കി.

ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്തതാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ സങ്കടത്തിലാക്കിയത്. രാജ്യം മുഴുവനും ഐ.എസ്.ആര്‍.ഒയ്‌ക്കൊപ്പമുണ്ടെന്നും ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നുവെന്നും പറഞ്ഞായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

Top