
കോട്ടയം: കടല്‍ കടന്നുള്ള പ്രണയം സഫലമായി. രണ്ട് വര്‍ഷത്തെ പ്രണയം വിജയമായി. പാരീസിന്റെ പുത്രി അഗത ഇനി പാലായുടെ മരുമകളും. കോട്ടയം കിടങ്ങൂര്‍ സ്വദേശി മനു ഇന്നലെ ഫ്രഞ്ചുകാരി അഗതയെ താലിചാര്‍ത്തി. നിറപറയും നിലവിളക്കും താലപ്പൊലിയും കൊട്ടും കുരവയുമായി കേരളീയ രീതിയില്‍ ഇരുവരുടെയും വിവാഹം കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്നു.
കിടങ്ങൂര്‍ കൊങ്ങോര്‍ പള്ളിത്തറ ഗോപാലകൃഷ്ണന്റെ മകന്‍ മനു ഒമാനിലെ ഹോട്ടല്‍ മില്ലേനിയത്തില്‍ ടൂറിസം വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അഗതയുമായി പരിചയപ്പെടുന്നത്. 27കാരിയായ അഗത ജന്മനാടായ പാരീസില്‍ നിന്ന് ജോലിക്കായി ഒമാനില്‍ എത്തുമ്പോള്‍ ഭാരതീയ സംസ്‌കാരത്തെക്കുറിച്ചും ജീവിത രീതികളെക്കുറിച്ചും വായിച്ചുള്ള അറിവേ ഉണ്ടായിരുന്നുള്ളു. മനുവിനോടുള്ള പ്രണയത്തിനൊപ്പം അഗത കേരളത്തെയും പ്രണയിച്ചു തുടങ്ങി. ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റി കൂടുതല്‍ പഠിക്കാനും അറിയാനും താല്പര്യമുണ്ടായിരുന്ന അഗത ഹൈന്ദവാചാരപ്രകാരം വിവാഹിതയാകാന്‍ ആഗ്രഹിച്ചതിനെ തുടര്‍ന്നാണ് കിടങ്ങൂര്‍ ക്ഷേത്രത്തില്‍ വച്ചുതന്നെ വിവാഹം നടത്തിയത്.
മാതാവ് പട്രീഷയ്ക്കും പിതാവ് ബര്‍ണാഡിനുമൊപ്പം തനതായ കേരളീയ വേഷത്തില്‍ സെറ്റ് സാരിയും ചന്ദനക്കുറിയും ആഭരണങ്ങളുമണിഞ്ഞാണ് അഗത വിവാഹ മണ്ഡപത്തില്‍ എത്തിയത്. വരന്‍ മനുവും ബന്ധുക്കളും സുഹൃത്തുക്കളും ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ക്കായി നേരത്തേ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അഷ്ടമംഗല്യവും താലപ്പൊലിയുമായി ഇരുവരെയും വിവാഹവേദിയിലെത്തിച്ച ശേഷം ആചാര്യ നിര്‍ദ്ദേശപ്രകാരം മനു അഗതയുടെ കഴുത്തില്‍ താലിചാര്‍ത്തി.