ഇസ്‌ലാമിക് സ്റ്റേറ്റിനെ പൊതു ശത്രുവായി പ്രഖ്യാപിച്ച് യുഎന്‍ പ്രമേയം പാസാക്കി

ജനീവ:ആഗോള തലത്തില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റിനെ പൊതു ശത്രുവായി പ്രഖ്യാപിച്ച്, ശക്തമായ നടപ‌ടി എടുക്കുന്നതിനുള്ള പ്രമേയം യുഎന്‍ രക്ഷസമിതി പാസാക്കി. ഐഎസിനെതിരെയുള്ള ആക്രമണം ഇരട്ടിയാക്കാനുള്ള പ്രമേയം രക്ഷസമിതി ഐക്യകണ്ഠ്യേനയാണ് പാസാക്കിയത്. പാരിസില്‍ ഐഎസ് ന‌‌‌ടത്തിയ ആക്രമണത്തിമന്റെ പശ്ചാത്തലത്തിലാണു പ്രമേയം പാസാക്കിയിരിക്കുന്നത്.

മാനവരാശിയുടെ ഭാവിയെ തന്നെ വെല്ലുവിളിക്കാന്‍ തുടങ്ങിയതോടെ മുന്നാം ലോക മഹായുദ്ധത്തിന് അരങ്ങൊരുങ്ങിയിരിക്കുകയാണ്.ലോക സമാധാനത്തിനു തന്നെ വന്‍ വിഘാതം സൃഷ്ടിച്ചു കൊടും ഭീഷണിയായി മാറിക്കഴിഞ്ഞ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ ഉന്‍മൂലനം ചെയ്യാന്‍ ലോക രാജ്യങ്ങള്‍ കൈകോര്‍ക്കുന്നതായാണ് വിവരം. ഭീകരതയുടെ പര്യായമായ ഇവരെ തുടച്ചുനീക്കാന്‍ യു‌എന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളും തയ്യാറെടുക്കുന്നതായി രാജ്യാന്തര മാധ്യമമായ ദി ഇന്‍ഡിപന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഎസിനെതിരെ പൊരുതാന്‍ വേണ്ട നടപ‌ടികള്‍ സ്വീകരിക്കാന്‍ യുഎന്‍ അംഗരാജ്യങ്ങളു‌ടെ പിന്തുണ ആവശ്യപ്പെടുന്ന പ്രമേയം ഫ്രാന്‍സാണ് അവതരിപ്പിച്ചത്. ഭീകരാക്രമണങ്ങളെ അടിച്ചമര്‍ത്താനും പ്രതിരോധിക്കാനും ഒരുമിച്ചു പ്രയത്നിക്കാന്‍ പ്രമേയം അംഗരാജ്യങ്ങളോടു ആവശ്യപ്പെ‌ടുന്നു. അടുത്തിടെ തുര്‍ക്കി, ടുണീഷ്യ, അങ്കാറ എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളെയും പ്രമേയം കുറ്റപ്പെടുത്തി. ഒക്ടോബര്‍ അവസാനമുണ്ടായ റഷ്യന്‍ വിമാനാപകടത്തിനും ഈ മാസം ലെബനനിലുണ്ടായ ബോംബ് സ്‌ഫോടനത്തിനും പിന്നില്‍ ഐഎസ് ആയിരുന്നു.
ഐഎസ് ക്രൂരതയുടെ അവസാന ഇരയായ ഫ്രാന്‍സ് ഐഎസിനെതിരെ പൊതുയുദ്ധം പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഐഎസ് ഭീകരരെ വേരോടെ പിഴുതെറിയുന്നതിനായി റഷ്യ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. റഷ്യന്‍ പ്രമേയത്തില്‍ പ്രാദേശിക സര്‍ക്കാരുകളുടെ സഹകരണം തേടുന്ന ചില ഭാഗങ്ങളുണ്ടായിരുന്നതിനാല്‍ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top