സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗവുമായി കേന്ദ്രസര്‍ക്കാര്‍. അപകടത്തില്‍പ്പെട്ടാല്‍ ഇനി നിങ്ങള്‍ പേടിക്കേണ്ടിവരില്ല. നിങ്ങളുടെ എല്ലാ വിവരങ്ങളും പാനിക് ബട്ടണ്‍ അമര്‍ത്തുന്നവഴി എത്തേണ്ടവരുടെ കയ്യില്‍ എത്തി കഴിയും. മൊബൈല്‍ ഫോണ്‍ തന്നെ നിങ്ങളുടെ സുരക്ഷയ്ക്കായി എത്തുന്ന കാലമാണ് വരാന്‍ പോകുന്നത്.
2017 ജനുവരി ഒന്നുമുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും പാനിക് ബട്ടണ്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. വഴിയറിയാന്‍ സഹായിക്കുന്ന ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) 2018 ജനുവരി ഒന്നിനുശേഷം ഇറങ്ങുന്ന മൊബൈലുകളിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അപകടമുഖത്തു നില്‍ക്കുമ്പോള്‍ പാനിക് ബട്ടണില്‍ വിരലമര്‍ത്തിയാല്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഫോണില്‍ സന്ദേശമെത്തുന്ന രീതിയിലാകും ഇത് സജ്ജീകരിക്കുക.
നില്‍ക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിശദാംശങ്ങളും സന്ദേശത്തിലുണ്ടാകും. സാങ്കേതിക വിദ്യ ഇത്രയും വളര്‍ന്നിട്ടും അത് സ്ത്രീ സുരക്ഷയ്ക്ക് അനുയോജ്യമായി ഉപയോഗിക്കാനായില്ലെങ്കില്‍ എന്തുകാര്യമെന്നാണ് തീരുമാനം വിശദീകരിച്ചുകൊണ്ട് വിവര സാങ്കേതികവിദ്യ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചത്.
ആന്‍ഡ്രോയ്ഡ് പോലുള്ള സംവിധാനങ്ങളൊന്നും ഇല്ലാത്ത സാധാരണ ഫോണുകളിലും പാനിക് ബട്ടണ്‍ നിര്‍ബന്ധമാണ്. ഇത്തരം ഫോണുകളില്‍ അഞ്ച് അല്ലെങ്കില്‍ ഒമ്പത് ബട്ടണില്‍ അമര്‍ത്തിയാലാകും പാനിക് ബട്ടണിന്റെ സേവനം ലഭ്യമാവുക. സ്മാര്‍ട്ട്ഫോണുകളില്‍ പ്രത്യേക പാനിക് ബട്ടണ്‍ അമര്‍ത്തിയോ പവര്‍ ബട്ടണ്‍ തുടരെ മൂന്നുപ്രാവശ്യം ഞെക്കിയോ ഈ സേവനം ലഭ്യമാകും.
സുരക്ഷയ്ക്ക് പ്രാധാന്യം കല്‍പിച്ചുകൊണ്ടാണ് ജിപിഎസും ഫോണുകളില്‍ നിര്‍ബന്ധമാക്കുന്നത്. അപകടത്തിലോ പ്രതിസന്ധിയിലോ നില്‍ക്കുന്ന ഒരാളുടെ സ്ഥാനം നിര്‍ണയിക്കാന്‍ ഇത് സഹായിക്കുമെന്ന് അധികൃതര്‍ കരുതുന്നു. ഇന്ത്യയില്‍ ഇപ്പോഴും കൂടുതല്‍ വില്‍ക്കപ്പെടുന്നത് ഫീച്ചര്‍ ഫോണുകള്‍ എന്നറിയപ്പെടുന്ന സാധാരണ ഫോണുകളാണ്. 2015-ല്‍ മാത്രമാണ് ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകളുടെ എണ്ണം ഒരു കോടി കവിഞ്ഞത്. ജിപിഎസ് നിര്‍ബന്ധമാക്കിയാല്‍ ഇത്തരം ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളും സ്മാര്‍ട്ട്ഫോണിലേക്ക് മാറേണ്ടിവരും.