കോഴിക്കോട് :പാനൂര്‍ കൊലപാതക കേസിലെ രണ്ടാം പ്രതി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . പുല്ലൂക്കര സ്വദേശി രതീശനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് വളയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു ആത്മഹത്യ. ഒളിവില്‍ താമസിക്കുകയായിരുന്നു രതീശന്‍. നാദാപുരം ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തും എന്നാണ് വിവരം. രണ്ട് ദിവസമായി കേസിലെ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്
അതേസമയം പാനൂർ മന്‍സൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തിൽ അവിശ്വാസം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സി.പി.എം പറയുന്നത് മാത്രം അനുസരിക്കുന്ന ഉദ്യോഗസ്ഥനാണ് സംഘത്തലവന്‍. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മന്‍സൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോൺഗ്രസ് നേതാക്കളും അന്വേഷണ സംഘത്തലവന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയെങ്കിലും നേതൃത്വത്തില്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യത്തില്‍ ആലോചിച്ച് നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ യുഡിഎഫിന്റെ നേതാക്കള്‍ മന്‍സൂറിന്റെ വീട്ടില്‍ പോകുന്നുണ്ട്. കുടുംബത്തിനും സമൂഹത്തിനും നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെ പോകാനും പാര്‍ട്ടിയും മുന്നണിയും പിന്നില്‍ത്തന്നെ നില്‍ക്കും. കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.