പപ്പു യാദവ് എന്ന രാഷ്ട്രീയ നേതാവിനെ അറിയാത്തവര്‍ കുറവായിരിക്കും. ഒരിക്കല്‍ കൊലക്കേസില്‍ വരെ കുറ്റാരോപിതനായിരുന്നു പപ്പു യാദവ് എന്ന രാജേഷ് രഞ്ജന്‍. ആര്‍ജെഡിയുടെ പാര്‍ലമെന്റ് അംഗമായിരുന്ന പപ്പു യാദവ് 2015 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. എന്നാല്‍ ജന്‍ അധികാര്‍ പാര്‍ട്ടി എന്ന സ്വന്തം പ്രസ്ഥാനമുണ്ടാക്കി ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും യാതൊരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. പറഞ്ഞുവരുന്നത് ഇതൊന്നുമല്ല, ജനങ്ങള്‍ക്കിയില്‍ വലിയ സ്വാധീനമൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും അധികാരകേന്ദ്രങ്ങളില്‍ പപ്പു യാദവിന് നല്ല പിടിപാടാണിപ്പോഴുമെന്ന് തെളിയിക്കുകയാണ് അദ്ദേഹത്തിന്റെ മകന്‍ സര്‍തക് രഞ്ജന്റെ ഡല്‍ഹി ട്വന്റി 20 ക്രിക്കറ്റ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെ. ഈ സീസണില്‍ ഒരു മത്സരം പോലും കളിക്കാതെയാണ് സര്‍തക് ഡല്‍ഹി ടീമില്‍ കയറിപ്പറ്റിയത്. അണ്ടര്‍ 23 ടീമിലെ റണ്‍ വേട്ടക്കാരനായ ഹിതെന്‍ ദലാലിനെ റിസര്‍വില്‍ വച്ചാണ് സര്‍തകിന്റെ ടീം പ്രവേശമെന്നതാണ് ശ്രദ്ധേയം. പപ്പു യാദവിന്റെ ഭാര്യ രഞ്ജീത് രഞ്ജന്‍ സോപോളില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എംപിയാണ്. അതുല്‍ വാസന്‍, ഹരി ഗിഡ്വാനി, റോബിന്‍ സിങ് ജൂനിയര്‍ എന്നിവരടങ്ങിയ മൂന്നംഗ സെലക്ഷന്‍ കമ്മിറ്റിയാണ് സര്‍തകിനെ ടീമിലേക്ക് തിരഞ്ഞെടുത്തത്. അതേസമയം സീസണില്‍ പ്രകടനമികവ് തെളിയിച്ച മുന്‍നിരക്കാരെ തഴഞ്ഞുകൊണ്ടുള്ള ഈ തിരഞ്ഞെടുപ്പ് വ്യാപക വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ മുഷ്താഖ് അലി ടൂര്‍ണമെന്റിലേക്കുള്ള ഡല്‍ഹി ടീമിലേക്ക് സര്‍തകിനെ തിരഞ്ഞെടുത്തതും വിവാദമായിരുന്നു. ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന അവസാന മൂന്നു മത്സരങ്ങളില്‍ 5, 3, 2 എന്നിങ്ങനെയായിരുന്നു സര്‍തകിന്റെ റണ്‍ സമ്പാദ്യം. അടുത്ത കാലത്ത് ക്രിക്കറ്റില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്ന സര്‍തക്, ബോഡി ബില്‍ഡിങ് മേഖലയിലേക്ക് കടന്നിരുന്നു. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ സീസണ്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ സര്‍തകിന്റെ അമ്മ രഞ്ജീത് രഞ്ജന്‍ ഡിഡിസിഎ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഒരു ഇമെയില്‍ അയച്ചു. തന്റെ മകന്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ഇപ്പോള്‍ കളിക്കാന്‍ ഫിറ്റാണെന്നുമായിരുന്നു ഇമെയില്‍. പ്രോട്ടോക്കോള്‍ അനുസരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ഈ ലെറ്റര്‍ സെലക്ടര്‍മാര്‍ക്ക് കൈമാറുകയും തുടര്‍ന്ന് സീസണില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ കഴിയാതിരുന്ന സര്‍തകിനെ ഡല്‍ഹി അണ്ടര്‍ 23 ട്വന്റി-20 ടീമിലേക്ക് തിരഞ്ഞെടുക്കുകയുമായിരുന്നു.
ഒരു മത്സരം പോലും കളിക്കാതെ ഡല്‍ഹി ടീമില്‍ കയറിപ്പറ്റി എംപിയുടെ മകന്‍
Tags: cricket