കുടിവെള്ളം കിട്ടാതെ ആളുകള്‍ മരിക്കുമ്പോള്‍ ധോണിയുടെ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ ശുദ്ധജലം പാഴാക്കുന്നതായി പരാതി

MS2

റാഞ്ചി: വേനല്‍ചൂടില്‍ കുടിവെള്ളം പോലും കിട്ടാതെ ആളുകള്‍ മരിക്കുമ്പോള്‍ മറുവശത്ത് ശുദ്ധജലം പാഴാക്കുന്ന കാഴ്ചയാണ് കാണുന്നത്. സിനിമാ ഷൂട്ടിങിനായി ടാങ്ക് കണക്കിന് വെള്ളം പാഴാക്കിയെന്ന് പരാതിയുമായി കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. ഇതിനു പിന്നാലെ ആരോപണങ്ങളില്‍പ്പെട്ടിരിക്കുന്നത് ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയാണ്.

മഹേന്ദ്രസിങ് ധോണിയുടെ വസതിയിലെ നീന്തല്‍ക്കുളത്തിനായി ദിവസേന ആയിരക്കണക്കിനു ലിറ്റര്‍ വെള്ളം പാഴാക്കുന്നതായിട്ടാണ് പരാതി. ധോണിയുടെ വീട്ടിന്റെ സമീപത്ത് ജലക്ഷാമം രൂക്ഷമായി തുടരുന്ന അവസ്ഥയിലാണ് ഇങ്ങനെയൊരു ദയനീയമായ കാഴ്ച കാണുന്നു. നാട്ടുകാര്‍ തന്നെയാണ് ധോണിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമീപവാസികള്‍ മന്ത്രി അമര്‍ ബാരിയെ നേരില്‍ക്കണ്ടു പരാതി നല്‍കിയതോടെയാണു സംഭവം പുറത്തറിയുന്നത്. ഈയിടെ ഹമ്മര്‍, സ്‌കോര്‍പ്പിയോയായി റജിസ്റ്റര്‍ ചെയ്തതിന് ഇന്ത്യന്‍ താരത്തില്‍ നിന്നു പിഴ ഈടാക്കിയതിനു പിന്നാലെയാണു പുതിയ വിവാദം. നീന്തല്‍ക്കുളത്തില്‍ പതിവായി വെള്ളം നിറയ്ക്കുന്നതു തടയണമെന്നും പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും പരിസരവാസികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. റാഞ്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ ശുദ്ധജലവിതരണ ടാങ്കറുകള്‍ ധോണിയുടെ വസതിയിലെ നീന്തല്‍ക്കുളം നിറയ്ക്കാനായി പതിവായി വെള്ളം എത്തിക്കാറുണ്ടെന്നും ഇതു നിര്‍ത്തലാക്കി സമീപത്തെ ഹൗസിങ് കോളനിയില്‍ ജലം എത്തിക്കണമെന്നും നാട്ടുകാര്‍ ബാരിയോട് ആവശ്യപ്പെട്ടു.

നീന്തല്‍ക്കുളം നിറയ്ക്കാനായി 10,000 ലീറ്റര്‍ വെള്ളം ദിവസവും എത്തിക്കുന്നുണ്ടെന്നും ധോണിയുടെ വീടിനു സമീപത്തെ ഹൗസിങ് കോളനിയിലെ അറുന്നുറോളം വീട്ടുകാര്‍ ജലക്ഷാമം മൂലം കഷ്ടപ്പെടുകയാണെന്നും ഇവിടെ ജലമെത്തിക്കാന്‍ ക്രമീകരണമൊന്നും അധികൃതര്‍ നടത്തിയിട്ടില്ലെന്നുമാണ് ആരോപണം. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി രഘുബര്‍ദാസിനെ സന്ദര്‍ശിച്ച് ധോണിയുടെ പിതാവ് പാന്‍ സിങ് അറിയിച്ചു. ആറുവര്‍ഷം മുന്‍പാണു വസതിയില്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. ഭിത്തിക്കു തകരാറുള്ളതിനാല്‍ കുറച്ചുനാളായി വെള്ളം നിറയ്ക്കാറില്ല. വസതിയില്‍ ഇപ്പോള്‍ രണ്ടുപേര്‍ മാത്രമേ താമസിക്കുന്നുള്ളൂ. അതിനാല്‍ നീന്തല്‍ക്കുളം ഉപയോഗിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top