വിലക്ക് മറികടന്ന് കരാറുകാരന്‍ കരിമരുന്നുമായി എത്തി; പിടിവാശി ദുരന്തത്തിനിടയാക്കിയെന്ന് മൊഴി

faec87526d26e231456fd5f77d52b1ceb460d4f3-tc-img-preview

കൊല്ലം: പരവൂര്‍ ക്ഷേത്രത്തില്‍ നടന്ന മത്സരക്കമ്പം കരാറുകാരന്റെ പിടിവാശി കാരണമെന്ന് മൊഴി. ക്ഷേത്രം കമ്മിറ്റിയുടെ വിലക്ക് മറി കടന്നാണ് മത്സരക്കമ്പം നടന്നത്. ഇതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ക്രൈംബ്രാഞ്ചിനു മുന്നില്‍ പ്രതികള്‍ മൊഴി നല്‍കി. ക്ഷേത്രം ഭാരവാഹികളായ ഏഴു പേരാണ് ഇതില്‍ പ്രതികളായുള്ളത്.

മല്‍സരവെടിക്കെട്ടിന് അനുമതിയില്ലെന്നും കരിമരുന്ന് തിരികെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും സുരേന്ദ്രന്‍ തയാറായില്ലെന്നാണു പ്രതികളുടെ മൊഴി. പുറ്റിങ്ങല്‍ ദേവിക്ഷേത്രത്തിലെ വെടിക്കെട്ട് മത്സരമൊഴിവാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതികളായ ഏഴ് ക്ഷേത്ര ഭാരവാഹികളും ക്രൈംബ്രാഞ്ചിനോടു സമ്മതിച്ചു. മല്‍സരക്കമ്പമാണ് ലക്ഷ്യമിട്ടെതങ്കിലും നിരോധനത്തിന് ശേഷം ആചാരവെടിക്കെട്ടിന് എഡിഎം അനുമതി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെ തുടര്‍ന്ന് മത്സരിക്കാനെത്തിയ സുരേന്ദ്രനോട് വെടിമരുന്നിന്റെ പണം തരാമെന്നും സാധനങ്ങള്‍ തിരികെയെടുക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ വിജയിയായ വര്‍ക്കല കൃഷ്ണന്‍ കുട്ടിയക്കൊണ്ട് ആചാരവെടിക്കെട്ട് നടത്താനും ദേവസ്വം തീരുമാനിച്ചു. എന്നാല്‍ വാങ്ങിയ വെടിമരുന്ന് നശിപ്പിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലെന്നും ആചാരവെടിക്കെട്ടിനൊപ്പം പൊട്ടിക്കുമെന്നും സുരേന്ദ്രന്‍ വാശി പിടിച്ചു.

തുടര്‍ന്ന് വെടിക്കെട്ട് മത്സരമായി മാറുകയും ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തുവെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ മൊഴി. കൃഷ്ണന്‍ കുട്ടിയുടെ കമ്പത്തിനു പിന്നാലെയായിരുന്നു സുരേന്ദ്രന്റെ കമ്പമാരംഭിച്ചത്. ഉടന്‍ തന്നെ കമ്പപ്പുരയ്ക്ക് തീപിടിച്ചത് വലിയ ദുരന്തമായി മാറിയെന്നാണ് ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന മൊഴി. മത്സരവെടിക്കെട്ടില്‍ നിന്ന് പിന്‍മാറാന്‍ ഒരു കരാറുകാരന്‍ തയാറാകാത്തത് പൊലീസിനെ അറിയിച്ചില്ലെന്നത് ഗുരുതരവീഴ്ചയായി കാണക്കാക്കും.

Top