നോട്ടില്‍ മഞ്ഞപ്പൊടി കാണുന്ന വിദ്വേഷ പ്രചാരകര്‍ക്ക് മറുപടിയുമായി മന്ത്രി; ക്ഷേത്രങ്ങളിലെ പണം ഉപയോഗിക്കുന്നത് ക്ഷേത്രങ്ങളില്‍ മാത്രം

ശബരിമല വിവാദം കത്തി നില്‍ക്കുന്ന അവസരത്തില്‍ വിഭാഗീയത സൃഷ്ടിച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നെന്ന് റിപ്പോര്‍ട്ട്. ശബരിമല ഭക്തരുടെ വിശ്വാസങ്ങളെ മുതലെടുത്ത് അസത്യങ്ങള്‍ പ്രചരിപ്പിച്ചാണ് വിഭാഗീയത സൃഷ്ടിക്കുന്നത്. പച്ചക്കള്ളങ്ങളാണ് പലരും ഈ വിഷയവുമായി ബന്ധപ്പെട്ട് പടച്ച് വിടുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് ശബരിമലയിലെ അടക്കം ദേവസ്വം ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ കട്ടെടുക്കുകയാണെന്നത്.

പലവട്ടം പച്ചക്കള്ളമാണെന്ന് തെളിഞ്ഞ ഈ പ്രചാരണം ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലടക്കം ഉയര്‍ന്നുവരികയാണ്. ശബരിമല സീസണ്‍ കഴിഞ്ഞാല്‍ കിട്ടുന്ന നോട്ടുകളില്‍ മഞ്ഞള്‍പ്പൊടി കാണുന്നതാണ് ഇതിന് തെളിവായി ചിലര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഇതിനാല്‍ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്നുമുള്ള പ്രചാരണവും കേരളത്തില്‍ ശക്തമാണ്. എന്നാല്‍ വരുമാനമുള്ള ക്ഷേത്രങ്ങളിലെ പണമെടുത്താണ് വരുമാനം ഇല്ലാത്ത ക്ഷേത്രങ്ങളിലെ കാര്യങ്ങള്‍ നടത്തുന്നതെന്നതാണ് സത്യം. അതിലും തികയാതെ സര്‍്ക്കാര്‍ തന്നെ പൊതു ഖജനാവില്‍ നിന്നും ക്ഷേത്രങ്ങള്‍ക്കായി ഫണ്ട് ചെലവാക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിന്റെ അതിരുകള്‍ ഭേദിച്ച് ഇതരസംസ്ഥാനങ്ങളിലേക്ക് കൂടി പ്രചാരണം വ്യാപിച്ചതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ക്ഷേത്രങ്ങളില്‍ നിന്ന് പണമൊന്നും സംസ്ഥാന സര്‍ക്കാര്‍ എടുക്കാറില്ലെന്ന് മാത്രമല്ല ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 80 കോടി രൂപ സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് നല്‍കിയെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ വിശദീകരിച്ചു. മറിച്ചുള്ള പ്രചാരണത്തിന് പിന്നില്‍ വര്‍ഗീയവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്ന് പണമെടുക്കുമെന്ന് പ്രചരിപ്പിച്ച് കാണിക്കയിടരുതെന്ന് വര്‍ഗീയ വാദികള്‍ പ്രചരിപ്പിക്കുന്നു. സത്യം എന്താണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ പറയട്ടെ. പണമെടുക്കുകയല്ല പണം ദേവസ്വം ബോര്‍ഡുകള്‍ക്ക് കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 70 കോടി രൂപയാണ് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത്. റോഡ് നിര്‍മ്മാണം, ഗതാഗത സൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതാത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാണ്.

ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിനായി ഇപ്പോള്‍ 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പ് വര്‍ഷം മാത്രം 210 കോടിയോളം രൂപയാണ് ശബരിമലയിലേത് ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കേണ്ടി വരുന്നത്. പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളുടെ ചെലവ് ഇതിന് പുറമെയാണിത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപ നല്‍കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് ക്ഷേത്രങ്ങള്‍ക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത്. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ വരാത്ത തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന് പ്രതിവര്‍ഷം 20 ലക്ഷം രൂപ നല്‍കുന്നതിനൊപ്പം മിത്രാനന്ദപുരം കുളം നവീകരണത്തിന് 1 കോടി രൂപയും, വിദഗ്ധസമിതി പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയും ചെലവഴിച്ചു.

ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ള പണവും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കും ഇതെല്ലാം നന്നായി അറിയാം. പക്ഷേ, വിശ്വാസികളെ വര്‍ഗീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള നുണ പ്രചാരണമാണ് അവര്‍ തുടരുന്നത്.

Top