പരവൂര്‍: കൊല്ലം പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്ര വെടിക്കെട്ടിന് അനുമതി നല്‍കിയത് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ പീതാംബര കുറുപ്പാണെന്ന വാദം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. നിയമവിരുദ്ധമായ വെടിക്കെട്ടിന് പീതാംബര കുറുപ്പ് അനുമതി നേടിക്കൊടുക്കുകയായിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദരേഖ പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്.
ഇത് ക്ഷേത്രഭാരവാഹികള്‍ തന്നെയാണ് പറയുന്നതും. വെടിക്കെട്ട് നടക്കുന്നതിന്റെ തൊട്ടുമുന്‍പ് ക്ഷേത്രഭാരവാഹികള്‍ മൈക്കിലൂടെ വിളിച്ച് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. മത്സരകമ്പം നടത്താന്‍ അവസരം ഒരുക്കിയ ദേവസ്വം ബോര്‍ഡിനും ബോര്‍ഡ് ചെയര്‍മാനും മുന്‍ എം.പിയുമായ പീതാംബരക്കുറുപ്പിന് നന്ദി അറിയിക്കുന്നു എന്നാണ് മൈക്കിലൂടെ ഇവര്‍ വിളിച്ചു പറഞ്ഞത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ റിപ്പോര്‍ട്ട് പ്രകാരം കൊല്ലം ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ച മത്സരകമ്പം നടത്തരുതെന്ന് അറിയിച്ചിട്ടും ക്ഷേത്രത്തില്‍ വെടിക്കെട്ട് നടന്നതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അനുമതിയില്ലാത്ത വെടിക്കെട്ട് തടയാതിരുന്ന പോലീസിനെതിരെ കളക്ടര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.