കണ്ണൂര്‍: മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ സബ് ജയിലിലാണ് സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ മൂന്നുപേരെയാണ് സൗമ്യ വിഷം കൊടുത്ത് കൊന്നത്. സൗമ്യയുടെ മാതാപിതാക്കളും മകളുമാണ് കൊല്ലപ്പെട്ടത്. കണ്ണൂർ വനിതാ ജയിലിൽ ഡയറി ഫാമിൽ പശുക്കളെ നോക്കുന്ന ജോലിയുണ്ടായിരുന്ന ഇവർ ജയിൽ വളപ്പിൽ പുല്ലരിയാൻ പോയ സമയത്ത് സാരിയിൽ കശുമാവിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു ജയിൽ അധികൃതർ പറഞ്ഞു. സംഭവം കണ്ടയുടൻ മരത്തിൽനിന്നു താഴെയിറക്കി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണു ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. വഴിവിട്ട ജീവിതത്തിനു തടസ്സം നിന്ന മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണു തലശ്ശേരി പൊലീസ് സൗമ്യയെ അറസ്റ്റ് ചെയ്തത്.
പിതാവ് കുഞ്ഞിക്കണ്ണൻ(80), മാതാവ് കമല(65),മൂത്തമകൾ ഐശ്വര്യ(ഒൻപത്) എന്നിവർക്കു ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു. മകൾ ഐശ്വര്യക്ക് മീൻ വറുത്തതിലും മാതാപിതാക്കൾക്കു രസത്തിലും കലർത്തിയായിരുന്നു വിഷം നൽകിയത്. ഛർദിയും വയറിളക്കവും മൂലമുള്ള മൂന്ന് അസ്വാഭാവിക മരണങ്ങൾ നാട്ടുകാരുടെ ഇടപെടലോടെയാണു കൊലപാതകമാണെന്നു തെളിഞ്ഞത്. പിണറായി കൂട്ടക്കൊലപാതകക്കേസിലെ ഏക പ്രതിയാണു മരിച്ച സൗമ്യ. മാതാപിതാക്കൾക്കും മകൾക്കും വിഷം നൽകി കൊലപ്പെടുത്തിയത് തനിച്ചാണെന്ന് സൗമ്യ മൊഴി നൽകിയിരുന്നു.
ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐശ്വര്യ 2018 ജനുവരി 21നാണു മരിച്ചത്. കമല മാർച്ച് ഏഴിനും കുഞ്ഞിക്കണ്ണൻ ഏപ്രിൽ 13നും സമാന രോഗലക്ഷങ്ങളുമായി മരിക്കുകയായിരുന്നു. മൂന്നുപേരുടെയും ശരീരത്തിൽ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്നു സൗമ്യയെ (28) ഏപ്രിൽ 24നു രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. സൗമ്യയുടെ മറ്റൊരു മകൾ ഒന്നരവയസ്സുകാരി കീർത്തന 2012 ൽ സമാനസാഹചര്യത്തിൽ മരിച്ചിരുന്നു.
മറ്റു ബന്ധങ്ങൾക്കു തടസ്സമാകാതിരിക്കാൻ അച്ഛനമ്മമാരെയും മകളെയും ഇല്ലാതാക്കുകയായിരുന്നു എന്നാണു പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഭർത്താവ് ഉപേക്ഷിച്ച ശേഷം ഇരിട്ടി സ്വദേശിയായ ലൈംഗികത്തൊഴിലാളിയുമായി പരിചയപ്പെട്ട സൗമ്യയ്ക്ക് ഒട്ടേറെ പുരുഷൻമാരുമായി അടുപ്പമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. ഇവരിൽ രണ്ടുപേർക്കൊപ്പം അസ്വാഭാവിക സാഹചര്യത്തിൽ തന്നെ മുറിക്കുള്ളിൽ കണ്ടതാണു മകളോടുള്ള വിരോധത്തിനു കാരണമെന്നും സൗമ്യ മൊഴി നൽകിയിരുന്നു.