ഫ്രാന്‍സിലെ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഇന്ധിരാഗാന്ധി വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷനുകള്‍, ഇരു നഗരങ്ങളിലെയും മറ്റ് തിരക്കേറിയ പ്രദേശങ്ങള്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്‌ഥരും ക്രൈം ബ്രാഞ്ചും ഡല്‍ഹിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.ഇരു നഗരങ്ങളിലെയും പ്രമുഖ സ്‌ഥാപനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്‌ഥര്‍ക്കും അധികൃതര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ അതതു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള ഭീകര സംഘടനകളുടെ ആക്രമണത്തിനുള്ള സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ല.ഇസ്ലാമിക് സ്‌റ്റേറ്റ് രാജ്യത്തിന് ഭീഷണിയാകുന്നതായി റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), ഇന്റിലജന്‍സ് ബ്യൂറോ (ഐബി) തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ആക്രമണങ്ങളിലും ബോംബ് സ്‌ഫോടനങ്ങളിലുമായി 150 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ 80 പേരുടെ നില ഗുരുതരമാണ്. സ്ഥിതിഗതികള്‍ നേരിടാന്‍ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.