ന്യൂഡല്‍ഹി : ഐ.പി.എസുകാരുള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിമതി വര്‍ധിക്കുന്നു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
പോലീസ് സേനയില്‍ അഴിമതി അനുവദിക്കാനാകില്ല എന്നും ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രത്യേക ബോധവത്കരണവും കടുത്ത ശിക്ഷാനടപടികളും നല്‍കണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.പി.എസ് പരിശീലനം നല്‍കുന്ന ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ദേശീയ പോലീസ് അക്കാദമിയിലെ അധ്യാപകര്‍ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം നിശ്ചിത ഇടവേളകളില്‍ വിലയിരുത്തണമെന്നും ആനന്ദ് ശര്‍മ എം.പി. അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു.
പോലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് വ്യാപക പരാതികളാണ് സാധാരണക്കാര്‍ക്കിടയിലുള്ളത്. ഇത് മാറ്റേണ്ടത് അത്യാവശ്യമാണ്. പൊതുജനങ്ങളുമായി ഇടപെടുന്നുതുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതികള്‍ പോലീസ് അക്കാദമികളിലെ കോഴ്സുകളില്‍ ഉള്‍പ്പെടുത്തണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2025-26 വരേക്ക് പോലീസിലെ ആധുനികീകരണത്തിന് കേന്ദ്രം 26,275 കോടി രൂപ അനുവദിച്ചു. സുരക്ഷാഭീഷണി നിലനില്‍ക്കുന്ന ജമ്മുകശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മാവോവാദി മേഖലകള്‍ എന്നിവിടങ്ങളില്‍ സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കല്‍, ഹൈ-ടെക് ഫൊറന്‍സിക് ലാബുകള്‍ സജ്ജീകരിക്കല്‍, നൂതന അന്വേഷണ ഉപകരണങ്ങള്‍വാങ്ങല്‍ തുടങ്ങിയവയ്ക്കായി തുക വിനിയോഗിക്കാം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.