കൊച്ചി :2019 ലെ ലോക്സഭാ തിരെഞ്ഞെടുപ്പിൽ കേരളം പിടിച്ചെടുക്കാൻ യുഡിഎഫ് നീക്കം.കേരളത്തിൽ നിന്നും പതിമൂന്നിനും പതിനഞ്ചിനും ഇടയ്ക്കു സീറ്റുകൾ നേടാനാണ് യു ഡി എഫ് ലക്ഷ്യം.ശബരിമല വിഷയത്തിൽ ഇതേ ലക്‌ഷ്യം വെച്ചുകൊണ്ടുതന്നെയാണ് ദേശീയ നേതൃത്വത്തിൽ നിന്നും വിഭിന്നമായി സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ സംസ്ഥാന ഘടകത്തിന് അനുമതി കിട്ടിയതും.കഴിഞ്ഞതവണ നഷ്ടപ്പെട്ട കോൺഗ്രസിന്റെ സീറ്റുകൾ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടി ഇടുക്കി ലോകസഭാ മണ്ഡത്തിൽ നിന്നും ജനവിധി തേടാനൊരുങ്ങുന്നു. രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഉമ്മൻ ചാണ്ടി ലോകസഭയിലേക്കു മത്സരിക്കാന്‍ ഒരുങ്ങുന്നത് എന്നാണു റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ടു വരും ദിവസങ്ങളിൽ ഇടുക്കി ലോകസഭാ മണ്ഡലത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ യോഗവും ഉമ്മൻ ചാണ്ടി വിളിച്ചു ചേർത്തിട്ടുണ്ട്.
മുൻപ് കോൺഗ്രസ്സിന്റെ ഉറച്ച സീറ്റായ ഇടുക്കി കഴിഞ്ഞ തവണ ജോയിസ് ജോർജിലൂടെയാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. ഇത് തിരിച്ചു പിടിക്കാൻ കൂടെ വേണ്ടിയാണ് ഉമ്മൻ ചാണ്ടിയെ കളത്തിലിറക്കുന്നത്. ഉമ്മൻ ചാണ്ടിയാണ് സ്ഥാനാർഥി എങ്കിൽ മറ്റാരും സീറ്റിനായി അവകാശവാദം ഉന്നയിക്കില്ല എന്നും കേന്ദ്ര നേതൃത്വം കരുതുന്നു. സഭയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ഉമ്മൻ ചാണ്ടിയാണ് മത്സരിക്കുന്നത് എങ്കിൽ വിജയസാധ്യത ഏറെയുള്ള മണ്ഡലമാണ് ഇടുക്കി എന്നും കേന്ദ്ര നേതൃത്വം കരുതുന്നു.രാജ്യവ്യാപകമായി കൂടുതൽ സീറ്റുകൾ ഒറ്റയ്ക്ക് ജയിച്ചാൽ മാത്രമേ അടുത്ത് വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കൂ എന്ന ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ ഭാഗമായി ആണ് ഉമ്മൻ ചാണ്ടിയെ മത്സരത്തിന് ഇറക്കുന്നത്.