പത്തനംതിട്ട : പത്തനംതിട്ട പോക്‌സോ കേസില്‍ പുതിയ അന്വേഷണസംഘം രൂപീകരിച്ചു. ഡിഐജി അജിതാ ബീഗം അന്വേഷണ സംഘത്തെ നയിക്കും. ഡിഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉൾപ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുക. ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെ കർശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണമേൽനോട്ടം ഡിഐജിക്ക് കൈമാറിയത്.
പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാകും അന്വേഷണ സംഘം പ്രവർത്തിക്കുക. ഇതുവരെ 26 പേരാണ് കേസിൽ അറസ്റ്റിലായത്. 14 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇന്ന് 6 പേരുടെ പുതിയ അറസ്റ്റ് രേഖപ്പെടുത്തി. ഡിഐജി അജിതാ ബീഗം മേൽനോട്ടം വഹിക്കും. കേസിൽ ഇന്ന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുണ്ട്. കസ്റ്റഡിയിലുള്ള 7 പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചിരുന്നു. പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയവരുമുണ്ട്. സ്മാർട് ഫോൺ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈൽ ഫോണിലായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. പെൺകുട്ടിയുടെ ഫോൺനമ്പറും നഗ്ന ദൃശ്യങ്ങളും ചേർത്ത് വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചു പോലും അതിക്രമം നേരിട്ടു. പെൺകുട്ടിയെ ചൂഷണം ചെയ്ത ഓട്ടോ ഡ്രൈവർമാർ, അവർക്ക് കൂട്ടു നിന്നവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. 62 പേർക്കെതിരായ മൊഴിയാണ് പെൺകുട്ടി നൽകിയത്. ഫോണിലെയും ഡയറിക്കുറിപ്പിലെയും വിവരങ്ങളിൽ നിന്നാണ് ഇതുവരെ അറസ്റ്റ്. ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച കൂടുതൽ പേരെ പിടികൂടാൻ ശ്രമത്തിലാണ് പൊലീസ് സംഘം.