ന്യൂഡല്‍ഹി: ഗുരു ബാബാരാംദേവിനു കീഴിലുള്ള പതഞ്ജലി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത് 10,561 കോടി രൂപയുടെ വിറ്റുവരവ്. ആയുര്‍വേദ ഉല്‍പന്നങ്ങളാണ് വിറ്റുവരവില്‍ മുന്നില്‍. നടപ്പു സാമ്പത്തിക വര്‍ഷം 20,000 കോടിയുടെ വിറ്റുവരവാണു കമ്പനി പ്രതീക്ഷിക്കുന്നത്. വിദേശ കുത്തക കമ്പനികള്‍ രാജ്യത്തെ സമ്പത്ത് മോഷ്ടിക്കുകയാണെന്നും അവയെ ഒഴിവാക്കി സ്വദേശി ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കണമെന്നും രാംദേവ് പറഞ്ഞു.
ഉന്നത നിലവാരമുള്ള സ്വദേശി ഉല്‍പന്നങ്ങള്‍, മിതമായ നിരക്കില്‍ രാജ്യത്തുടനീളം ലഭ്യമാക്കുകയാണു പതഞ്ജലിയുടെ ലക്ഷ്യം. അടുത്ത വര്‍ഷത്തോടെ, ഉല്‍പന്ന വിപണിയില്‍ പതഞ്ജലി മുന്‍നിരയിലെത്തും. നോയിഡ, നാഗ്പുര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ സജ്ജമാക്കും. ഇതുവഴി, പതഞ്ജലിയുടെ ഉല്‍പാദന ശേഷി നിലവിലുള്ള 30,000 കോടിയില്‍ നിന്ന് 60,000 കോടിയായി ഉയര്‍ത്തും. പതഞ്ജലി വിതരണക്കാരുടെ എണ്ണം നിലവിലുള്ള ആറായിരത്തില്‍ നിന്ന് 12,000 ആയി ഉയര്‍ത്തും.
സുഗന്ധവ്യഞ്ജനങ്ങള്‍, പയര്‍, ബിസ്‌കറ്റ്, ജ്യൂസ്, എണ്ണ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. ഏതാനും ഉല്‍പന്നങ്ങളില്‍ മാത്രമാണു ഗോമൂത്രം ഉപയോഗിക്കുന്നതെന്നു രാംദേവ് പറഞ്ഞു. ഉല്‍പന്നങ്ങളില്‍ നിന്നുള്ള ലാഭം സേവന പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നത്. പതഞ്ജലിക്കു സ്വാര്‍ഥ താല്‍പര്യങ്ങളില്ല. കൂടാതെ വീരമൃത്യു വരിക്കുന്ന സൈനികരുടെ മക്കള്‍ക്കായി പതഞ്ജലി സൈനിക് സ്‌കൂള്‍ ഈ വര്‍ഷം ആരംഭിക്കുകയെന്നും, ദേശീയ തലസ്ഥാന മേഖലയിലായിരിക്കും സ്‌കൂള്‍ സ്ഥാപിക്കുകയെന്നും രാംദേവ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പതഞ്ജലിയുടെയല്ല, മറിച്ച് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാണെന്നു ബാബാ രാംദേവ്. ഹരിദ്വാറില്‍ പതഞ്ജലി ആയൂര്‍വേദ ഗവേഷണ കേന്ദ്രം കഴിഞ്ഞ ദിവസം മോദി ഉദ്ഘാടനം ചെയ്തതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘മോദി പതഞ്ജലിയുടെ ബ്രാന്‍ഡ് അംബാസഡറല്ല. പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് അദ്ദേഹം ഒരിടത്തും പരസ്യം നല്‍കിയിട്ടില്ല. അദ്ദേഹം ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാണ്.’