ഇസ്ലാമബാദ് : പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്‌ഥാനില്‍ നാലുപേര്‍ കസ്‌റ്റഡിയില്‍. ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് നാലുപേരെ കസ്‌റ്റഡിയില്‍ എടുത്തിരിക്കുന്നത്.പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനുള്ള പങ്ക് വ്യക്‌തമാക്കുന്ന തെളിവുകളായിരുന്നു ഇന്ത്യ കൈമാറിയിരുന്നത്. സംഭവസ്‌ഥലത്തു നിന്നും കണ്ടെടുത്ത ആയുധങ്ങള്‍ പാക് നിര്‍മ്മിതമാണെന്നും കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ സൈനികര്‍ വധിച്ച ആറു ഭീകരരുടെ ഡിഎന്‍എ സാമ്പിളുകളും ഭീകരരുടെ ഫോണ്‍ സംഭാഷണങ്ങളും തെളിവായി ഇന്ത്യ കൈമാറിയിരുന്നു. തെളിവുകള്‍ നല്‍കിയിട്ടും സംഭവത്തില്‍ നടപടിയെടുക്കാന്‍ വൈകുന്നതില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. തുടര്‍ന്ന് ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പാകിസ്‌ഥാന്‍ അന്വേഷത്തിന് തയ്യാറായത്.പാക് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ സിയാല്‍കോട്ട്, ബഹാവല്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് സംഭവത്തില്‍ പാകിസ്‌ഥാന്‍ അന്വേഷണം തുടങ്ങിയത്. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശപ്രകാരം ഫെഡറല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഏജന്‍സി, രഹസ്യാന്വേഷണ വിഭാഗം, ഭീകരവാദ വിരുദ്ധ വിഭാഗം എന്നിവരെ സംഘടിപ്പിച്ചാണ് അന്വേഷണ സംഘം രൂപീകരിച്ചത്.
അതേസമയം പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം ശക്തമായ പ്രതികരണവുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ രംഗത്തു വന്നു. ഇന്ത്യയെ വേദനിപ്പിയ്ക്കുന്നവര്‍ വേദന എന്താണെന്ന് അറിയുമെന്ന് പത്താന്‍കോട്ട് ആക്രമണം സൂചിപ്പിച്ച് പരീഖര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ 68ാമത് കരസേന ദിനത്തില്‍ സെമിനാറില്‍ സംസാരിയ്ക്കുകയായിരുന്നു മനോഹര്‍ പരീഖര്‍. സമയവും സ്ഥലവും തീരുമാനിയ്ക്കുന്നത് നമ്മളായിരിയ്ക്കും. നമ്മളെ വേദനിപ്പിയ്ക്കുന്നവര്‍ എത് വ്യക്തികളായാലും സംഘടനകളായാലും ശരി അവര്‍ അതേ വേദന അറിയണമെന്നും പരീഖര്‍ പറഞ്ഞു.
വേദന അറിയാത്തവരാണ് മറ്റുള്ളവരെ വേദനിപ്പിയ്ക്കുന്നത് ആസ്വദിയ്ക്കുന്നതെന്നും അതാണ് ചരിത്രം പറയുന്നതെന്നും പരീഖര്‍ അഭിപ്രായപ്പെട്ടു. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഭീകര സംഘടന ജയ്ഷ് ഇ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷ് ഇന്ത്യയെ പരിഹസിച്ച് രംഗത്ത് വരുകയും ചെയ്തിരുന്നു. ഇസ്ലാമബാദില്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പുമായി പരീഖര്‍ രംഗത്ത് വന്നിരിയ്ക്കുന്നത്. പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നല്‍കിയ വിവരങ്ങള്‍ അന്വേഷിയ്ക്കാനുള്ള പാകിസ്ഥാന്റെ നടപടികള്‍ക്ക് അനുസരിച്ചായിരിയ്ക്കും തുടര്‍ചര്‍ച്ചകളെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കിയിരുന്നു. കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.