പത്താന്‍കോട്ട് ഭീകരാക്രമണം:മാനന്തവാടി സ്വദേശി റിയാസിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു

മാനന്തവാടി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വയനാട് മാനന്തവാടി സ്വദേശിയായ യുവാവിനെ കേന്ദ്ര ഇന്‍റലിജന്‍സ് (ഐ.ബി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പിലാക്കാവ് പഞ്ചാരക്കൊല്ലി സ്വദേശിയായ ദിനേശന്‍ എന്ന റിയാസാണ് (35) പിടിയിലായത്. ഇയാള്‍ക്ക് റഷീദ് എന്നും പേരുണ്ട്. പഠാന്‍കോട്ടിന് സമീപത്തുള്ള മുസാഫിറിലുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 13 വര്‍ഷം മുമ്പ് സ്വദേശം വിട്ട ഇയാള്‍ക്ക് വീട്ടുകാരുമായി ബന്ധമില്ലെന്നാണ് സൂചന.

തോട്ടംതൊഴിലാളിയായ പരേതനായ അടുക്കത്ത് കളിയൂര് കുട്ടിയുടെയും ലക്ഷ്മിയുടെയും മൂത്തമകനാണ്. പത്താന്‍കോട്ടിന് സമീപം മുസാഫിറിലെ ലോഡ്ജില്‍നിന്ന് മുറാദാബാദ് എന്‍.ഐ.എ പ്രത്യേക ടീമാണ് കസ്റ്റഡിയിലെടുത്തത്. ഭീകരാക്രമണം നടന്ന ദിവസം സമീപപ്രദേശങ്ങളിലെ ലോഡ്ജുകള്‍ പൊലീസ് റെയ്ഡ് ചെയ്തിരുന്നു. അന്ന് മറ്റ് അഞ്ചുപേരോടൊപ്പം ഇയാളും ലോഡ്ജില്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. പാകിസ്താനിലേക്ക് നിരവധിതവണ റിയാസിന്‍െറ ഫോണില്‍നിന്ന് കോളുകള്‍ പോയതായി കണ്ടത്തെിയിട്ടുണ്ട്.15 വര്‍ഷംമുമ്പ് സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ട് ദിനേശന്‍ പിടിയിലായിരുന്നു. ജാമ്യത്തിലിറങ്ങുകയും പിന്നീട് സൗദി അറേബ്യയിലേക്ക് പോവുകയുമായിരുന്നു. ഇതിനുശേഷമാണ് മതംമാറി റിയാസ് എന്ന പേര് സ്വീകരിച്ചതത്രെ. പിന്നീട് കുടുംബവുമായി ഒരു ബന്ധവുമില്ല.
10 സെന്‍റ് ഭൂമി മാത്രമുണ്ടായിരുന്ന ലക്ഷ്മി ഭര്‍ത്താവിന്‍െറ മരണശേഷം മറ്റു മക്കളായ രതീഷ്, രണ്ടു സഹോദരിമാര്‍ എന്നിവരെ തോട്ടംമേഖലയില്‍ ജോലി ചെയ്താണ് വളര്‍ത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ ഇവരുമായി ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ക്ക് ഒന്നുമറിയില്ളെന്നും കുടുംബവുമായി ബന്ധമില്ലാത്ത ആള്‍ അറസ്റ്റിലായതില്‍ പരിഭവമില്ളെന്നും കുടുംബം നശിപ്പിക്കരുതെന്നുമായിരുന്നു പ്രതികരണം. കേരളാ പൊലീസിന്‍െറ ഇന്‍റലിജന്‍സ് വിഭാഗം വീട്ടിലത്തെി വിവരങ്ങള്‍ അന്വേഷിച്ചു. എന്‍.ഐ.എ പ്രത്യേക ടീമും എത്തിയതായി പറയുന്നു. എന്‍.ഐ.എ സംഘം എത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ മുന്നോട്ടുപോകൂവെന്നുമാണ് മാനന്തവാടി പൊലീസ് പറയുന്നത്.വ്യോമസേന താവളത്തില്‍ ആക്രണം നടന്ന ദിവസം പഠാന്‍കോട്ടിന് സമീപത്തുള്ള ലോഡ്ജുകളില്‍ പോലീസ് റെയിഡ് നടത്തിയ റെയ്ഡില്‍ അഞ്ച് മാലിദ്വീപുകാര്‍ക്കൊപ്പമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഫോണില്‍ നിന്നും നിരവധി തവണ പാകിസ്ഥാനിലേക്ക് ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top