
പത്തനംതിട്ട: വീണ്ടും ശബരിമല വിഷയത്തില്‍ പ്രകോപനപരമായ പരാമര്‍ശവുമായി പിസി ജോര്‍ജ് എംഎല്‍എ. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ എന്തുവിലകൊടുത്തും തടയുമെന്നും സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു. വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു എംഎല്‍എ തന്റെ നിയമസഭ മണ്ഡല പരിധിയിലൂടെ യുവതികളെ ശബരിമലയിലേക്ക് കടന്നുപോകാന്‍ അനുവദിക്കില്ലെന്നും പോലീസ് ഇടപെട്ടാലും എന്തുവില കൊടുത്തും അവരെ തടയുമെന്നും പിസി ജോര്‍ജ് പറഞ്ഞു. നേരത്തെ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. 1991 ലെ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. മാത്രമല്ല ആര്‍ത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രത്തില്‍ വിലക്കുന്ന വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിധിക്കെതിരെ സംസ്ഥാനത്ത് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.