തിരുവനന്തപുരം: പിസി ജോര്‍ജ്ജിന്റെ അവസാന പ്രതീക്ഷയും അസ്ഥാനത്തായതോടെ പിസിയും സംഘവും വഴിയാധാരമായി. അവസാന വട്ട ശ്രമമെന്ന നിലയില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുമായി തിരുവനന്തപുരത്തെത്തി വിലപേശല്‍ നടത്താന്‍ ജോര്‍ജ്ജ് ശ്രമം നടത്തുന്നുണ്ട്. ഇത് വിജയിക്കാത്ത പക്ഷം ജോര്‍ജ്ജ് ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥിയാകും. ചെറുകക്ഷികളുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മാറാനാണ് ജോര്‍ജ്ജിന്റെ ശ്രമം.
ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ വരവ് തിരിച്ചടിയായത് സ്‌കറിയാ തോമസ് വിഭാഗത്തിനാണ്. കഴിഞ്ഞ തവണ സ്‌കറിയാ തോമസ് വിഭാഗത്തിന് മൂന്നിടത്താണ് സീറ്റ് ലഭിച്ചത്. എന്നാല്‍ ഇത്തവണ അതും ലഭിക്കാത്ത അവസ്ഥയാണ്. തിരുവനന്തപുരം സീറ്റാണ് ഇതിലൊന്ന്. ഇവിടെ വി സുരേന്ദ്രന്‍ പിള്ളയ്ക്ക് സീറ്റ് നല്‍കാനിരുന്നപ്പോഴാണ് ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും എത്തിയത്. ഇതോടെ തിരുവനന്തപുരം സീറ്റില്‍ ആന്റണി രാജുവിനെ തന്നെയാണ് പരിഗണിക്കുന്നത്.
കഴിഞ്ഞതവണ സ്‌കറിയ തോമസും പി.സി. തോമസും ഒരുമിച്ചുനിന്നപ്പോള്‍ ഇവര്‍ക്കു നല്‍കിയത് മൂന്നു സീറ്റാണ് കടുത്തുരുത്തി, തിരുവനന്തപുരം,കോതമംഗലം. പിന്നീട് സ്‌കറിയ തോമസും പി.സി. തോമസും തമ്മിലുണ്ടായ പടലപ്പിണക്കത്തെത്തുടര്‍ന്ന് പി.സി.തോമസിനെ സിപിഐ(എം). ഇടപെട്ട് സ്‌കറിയ തോമസിന്റെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുയായിരുന്നു. ഇതിനുശേഷം സ്‌കറിയാ തോമസിനെ ഇടതുമുന്നണി ഘടക കക്ഷിയായി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ഇടതുചേരിയിലെത്തുന്നത്.
ജനാധിപത്യ കേരള കോണ്‍ഗ്രസിന് തിരുവനന്തപുരം, ഇടുക്കി, ചങ്ങനാശേരി എന്നീ മൂന്നു സീറ്റുകള്‍ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ തവണ സ്‌കറിയ തോമസ് പക്ഷത്തെ വി. സുരേന്ദ്രന്‍ പിള്ള മത്സരിച്ച തിരുവനന്തപുരം സീറ്റാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കുന്നത്. ഇവിടെ ആന്റണി രാജു മത്സരിക്കാന്‍ തീരുമാനമായാല്‍ വി സുരേന്ദ്രന്‍ പിള്ള ബിജെപി പക്ഷത്തേക്കും ചാഞ്ഞേക്കാം. പ്രമുഖ മുന്നണിയില്‍ സീറ്റ് ലഭിക്കാതെ വരുന്നവരെ ബിജെപി നോട്ടമിടുന്നുണ്.
നിലവില്‍ സുരേഷ് ഗോപിയെയാണ് തിരുവനന്തപുരത്ത് പരിഗണിക്കുന്നത്. എന്നാല്‍, അദ്ദേഹം മത്സരിക്കാന്‍ തയ്യാറാകാതിരിക്കുകയും സുരേന്ദ്രന്‍ പിള്ള മറുകണ്ടം ചാടുകയും ചെയ്താല്‍ ഈ സീറ്റില്‍ മത്സരിപ്പിക്കാമെന്ന ആലോചനയാണ് ബിജെപിയില്‍. എന്നാല്‍, ഈ നീക്കത്തോട് പിള്ള അത്രയ്ക്ക് അനുകൂലമായല്ല നിലകൊള്ളുന്നത്. എന്നാല്‍ സീറ്റ് നഷ്ടപ്പെട്ട സുരേന്ദ്രന്‍ പിള്ള മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു സീറ്റിന് പുറമേ കോതമംഗലം, പൂഞ്ഞാര്‍ എന്നീ സീറ്റുകളാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആവശ്യം. ഇതില്‍ കോതമംഗലം കൊടുത്താല്‍ സീറ്റില്ലാതെ പോകുന്നതും സ്‌കറിയാ തോമസ് വിഭാഗത്തിനാണ്. ഇവിടെ കഴിഞ്ഞ തവണ മത്സരിച്ചത് പാര്‍ട്ടി ചെയര്‍മാന്‍ സ്‌കറിയ തോമസാണ്.
പൂഞ്ഞാര്‍ സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയും കര്‍ഷക ഐക്യവേദി നേതാവുമായ പി.സി. ജോസഫിന് നല്‍കാനാണ് സിപിഐ(എം). തീരുമാനം. ഇതോടെയാണ് ജോര്‍ജിന് സീറ്റില്ലാതായത്. ഫലത്തില്‍ സ്‌കറിയ തോമസ് വിഭാഗത്തിന് നിലവില്‍ ലഭിച്ചിരിക്കുന്ന സീറ്റ് കടുത്തുരുത്തി മാത്രമാണ്. കാലങ്ങളായി ഇടതുമുന്നണിക്കൊപ്പംനിന്ന തങ്ങളുടെ സീറ്റ് പുതിയ വിഭാഗത്തിന് നല്‍കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തില്‍ സ്‌കറിയ തോമസ് വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.
അതേസമയം പൂഞ്ഞാറില്‍ ബിഷപ്പുമാരുടെ പിന്തുണയോടെ രൂപീകരിച്ച കര്‍ഷകമുന്നണി പ്രതിനിധിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ്ജ് ജെ. മാത്യുവാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തന്നെയാണ ്‌സിപിഐ(എം) നീക്കം. എന്നാല്‍, പ്രദേശിക വികാരം ശക്തമായതിനാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗത്തിലെ പി സി ജോസഫിനെയും പരിഗണിക്കുന്നുണ്ട്. ഇടതുമുന്നണിസീറ്റ് നിഷേധിച്ചാലുംപി.സി. ജോര്‍ജ്ജ് പൂഞ്ഞാറില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗം പി.സി.ജോര്‍ജ്ജിന് അനുകൂലമായും മറ്റൊരു വിഭാഗം എതിരായും നില്‍ക്കുന്നതാണ് ജോര്‍ജ്ജിന്റെ സാദ്ധ്യതകളില്‍ തീരുമാനമാകാത്തത്. ജില്ലയിലെ പ്രമുഖരായ സിപിഐ(എം) നേതാക്കള്‍ ജോര്‍ജ്ജിനെതിരായുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നതും അനിശ്ചിതത്വം കൂട്ടുകയാണ്.
എന്നാല്‍ ഭരണം പിടിക്കാന്‍ ഓരോ സീറ്റും നിര്‍ണായകമാണെന്നിരിക്കെ വിജയ സാധ്യത ഏറെയുള്ള പി.സി.ജോര്‍ജ്ജ് തന്നെയാണ് ഇടതുമുന്നണിക്ക് ഏറ്റവും അനുയോജ്യമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. യു ഡി എഫിലും സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് (എം)ന്റെ ഭാഗമായിട്ടാണ് പി.സി. ജോര്‍ജ് മത്സരിച്ചത്. അതുകൊണ്ടുതന്നെ പൂഞ്ഞാര്‍ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് മാണി ഗ്രൂപ്പ് വാദിക്കുന്നു. എന്നാല്‍ പൂഞ്ഞാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയെ മത്സരിപ്പിക്കണമെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാരുടെ വാദവും കൊഴുക്കുകയാണ്.