കെഎം മാണിക്കെതിരെ പിസിമാരുടെ യുദ്ധം; പി.സി തോമസും പി.സി ജോർജും പാലായിൽ മത്സരിക്കും

രാഷ്ട്രീയ ലേഖകൻ

കോട്ടയം: പാലായിൽ കെഎം മാണിക്കെതിരെ പിസിമാരുടെ തിരഞ്ഞെടുപ്പു പോരാട്ടമുണ്ടാകുമെന്നു ഉറപ്പായി. കഴിഞ്ഞ തവണ പി.സി ജോർജിന്റെ നിയോജക മണ്ഡലത്തിൽ നിന്നു കൂട്ടിച്ചേർത്ത രണ്ടു പഞ്ചായത്തുകളിൽ നിന്നു ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ 5225 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മാണിക്കു ഇത്തവണ രണ്ടു പിസിമാർ വെല്ലുവിളി ഉയർത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. കേരള കോൺഗ്രസിന്റെ വോട്ടുകൾ ഭിന്നിച്ചാൽ ഇവിടെ നേട്ടമുണ്ടാക്കുക ഇടതു മുന്നണിയാകുമെന്നും ഉറപ്പായിട്ടുണ്ട്.
പി.സി ജോർജിനെ ഇടതു മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് പാലായിൽ കേരള കോൺഗ്രസ് പോരിനു കളമൊരുങ്ങുന്നത്. പി.സി ജോർജിനെ മുന്നണിയിൽ എടുക്കാതെ പാലായിലും, പൂഞ്ഞാറിലും മത്സര രംഗത്തിറക്കുന്നതിനാണ് ഇടതു മുന്നണി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ ബിജെപി സഖ്യ സ്ഥാനാർഥിയായി പി.സി തോമസാവും മത്സരിക്കുക. പി.സി ജോർജിനു പകരം കർഷക മുന്നണി സ്ഥാനാർഥിയായി മത്സരിക്കാനെത്തുന്ന ഡിജോ കാപ്പനെയാവും ഇവിടെ ഇടതു മുന്നണി പിൻതുണയ്ക്കുക എന്നും സൂചന ലഭിച്ചിട്ടുണ്ട്.
പാലായിൽ പി.സി ജോർജ് മാണിക്കെതിരെ മത്സര രംഗത്തിറങ്ങിയാൽ പൂഞ്ഞാറിൽ സ്ഥാനാർഥിയെ നിർത്താതെ സഹായിക്കാം എന്ന നിലപാടാണ് ഇപ്പോൾ സിപിഎം സ്വീകരിക്കുന്നത്. പൂഞ്ഞാറിൽ മകനെ സ്ഥാനാർഥിയാക്കിയ ശേഷം പാലായിൽ പി.സി ജോർജ് തന്നെ മത്സര രംഗത്തിറങ്ങുന്നതിനുള്ള സാധ്യതയും കേരള കോൺഗ്രസ് വൃത്തങ്ങൾ തള്ളിക്കളയുന്നില്ല. ഏതു വിധേനയും മാണിയെ തോൽപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ കേരള കോൺഗ്രസുകൾക്കുള്ളത്. ഇതിനായി കേരള കോൺഗ്രസ് എമ്മിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുകയാണ് ലക്ഷ്യം. ഇതേ ലക്ഷ്യത്തോടെയാണ് ബിജെപി കേരള കോൺഗ്രസ് ലയന വിരുദ്ധ വിഭാഗം സഖ്യം പി.സി തോമസിനെ സ്ഥാനാർഥിയാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top