അവതാരകയും നടിയുമായി മലയാളികളുടെ മനം കവര്‍ന്ന വ്യക്തിത്വമാണ് പേളീ മാണിയുടേത്. പല പ്രതിസന്ധികളും അനായാസമായി തരണം ചെയ്യുന്ന പേളീ മാണിയെയായണ് പ്രേക്ഷകര്‍ക്ക് പരിചയമുള്ളത്. ഒരിടയ്ക്ക് ട്രോളുകളും ജോക്കുകളും കൊണ്ട് നിറഞ്ഞെങ്കിലും അതിനെയെല്ലാം അനായാസം മറികടന്ന ആളാണ് പേളീ. എന്നാല്‍ താനും കടുത്ത വിഷാദത്തിലൂടെ കടന്നുപോയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പേളി.
മാനസികാരോഗ്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു പേളി മാണി ഇക്കാര്യം പറഞ്ഞത്. മൂഡ് ഡിസ്ഓര്‍ഡേഴ്‌സിനെയും ഡിപ്രഷനെയും മനസ്സിലാക്കേണ്ടതും നേരിടേണ്ടതും എങ്ങനെയാണെന്നു ചര്‍ച്ച ചെയ്യുന്ന പരിപാടിയായിരുന്നു മനസ്സ്. കടുത്ത വിഷാദത്തിലൂടെ കടന്നു പോയ വ്യക്തിയാണ് താനും. ആറുമാസത്തോളം താന്‍ അത്തരം അവസ്ഥയിലൂടെ കടന്നുപോയിരുന്നു. അതിനുള്ള കാരണം എന്താണെന്നും പേളി പങ്കുവച്ചു.
ടിവിയുള്‍പ്പെടെ എല്ലായിടത്തും താനൊരു റിലേഷന്‍ഷിപ്പിലാണെന്ന കാര്യം പരസ്യമാക്കിയിരുന്നു. അതൊരിക്കലും തകരില്ലെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്, അതു തന്നെ ശരിക്കും ഉലച്ചു. ഉള്ളില്‍ സങ്കടമുള്ളപ്പോഴും സ്റ്റേജില്‍ നിന്ന് ഷോ ചെയ്യേണ്ട അവസ്ഥയായിരുന്നു. അതും സ്‌ക്രിപ്റ്റ് പോലുമില്ലായിരുന്നു. പേളി എല്ലായ്‌പ്പോഴും ചിരിച്ചുകൊണ്ടിരിക്കണമെന്നാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെന്നും പേളിക്ക് എന്തു പ്രശ്‌നമുണ്ടെങ്കിലും കുഴപ്പമില്ല, അവള്‍ ചിരിച്ചുകൊണ്ട് അതിനെയെല്ലാം മറികടക്കുമെന്നാണ് പലരുടെയും ധാരണയെന്നും പേളി പറയുന്നു.
”മേക്അപ് മുറിയിലിരുന്ന് ടിഷ്യു എടുത്തുവച്ച് മേക്അപ് പോകാതെ കുനിഞ്ഞിരുന്നു കരഞ്ഞിട്ടുണ്ട്. പിന്നെ സ്റ്റേജില്‍ പോയി പെര്‍ഫോം ചെയ്യും. കാരണം ഞാന്‍ എന്നോടു തന്നെ പറഞ്ഞിരുന്നു, നമ്മുടെ ദേഹത്തൊരു മുറിവു വന്നു കഴിഞ്ഞാല്‍ അതു മാറാന്‍ ചിലപ്പോള്‍ ആറുമാസമൊക്കെയെടുക്കും അതുപോലെ നിന്റെ അകത്തും ഇപ്പോള്‍ ഒരു മുറിവാണ്, അതിനെ തോണ്ടിത്തോണ്ടി അതുതന്നെ ആലോചിച്ചിരുന്നാല്‍ അതുണങ്ങില്ല. അതുകൊണ്ട് അതേക്കുറിച്ചു ചിന്തിക്കരുത്.
ഇക്കാര്യത്തില്‍ ഞാന്‍ അച്ഛനോട് സഹായം ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ നിന്നെ സഹായിക്കില്ല. നീ തന്നെ നിന്നെ സഹായിക്കണം, എന്നാലേ നീ കരുത്തയാകൂ, നിന്നെക്കൊണ്ട് ഒട്ടും പറ്റില്ലെന്നു തോന്നുമ്പോള്‍ എന്റെയടുത്തേക്കു വരൂ എന്നാണ് അച്ഛന്‍ പറഞ്ഞത്. ഇമോഷണല്‍ ഇന്‍ഡിപെന്‍ഡന്‍സ് ആണ് ഏറ്റവും വലുത്. ഒരു പ്രശ്‌നം വരുമ്പോള്‍ ആരെയും ആശ്രയിക്കാതെ സ്വയം അതിനുള്ള പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്.”- പേളി പറയുന്നു.