ലണ്ടൻ: കൊറോണ വൈറസിന്റെ ഭീഷണി ദിവസം തോറും ഗുരുതരമാവുകയാണ്. ലോകാരോഗ്യ സംഘടന (WHO) ഇതിനകം തന്നെ ഈ രോഗത്തെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വൈറസ് ബാധയിൽ നിന്ന് രക്ഷനേടണമെങ്കിൽ വ്യക്തിഗത ശുചിത്വം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നിങ്ങൾക്കറിയാം.സാമൂഹിക അകലം പാലിക്കുക, പതിവായി കൈ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നിവയാണ് ഈ വൈറസ് പടരുന്നത് തടയാൻ കഴിയുന്ന പ്രധാന രീതികൾ. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊറോണയ്ക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് ലോകരാജ്യങ്ങൾ. കൊറോണ എങ്ങനെ ഉത്ഭവിച്ചു എന്നത് ഏവരെയും കുഴപ്പിക്കുന്ന ചോദ്യമാണ്. ചൈനയിലെ വുഹാനിലെ ഒരു സീഫുഡ് മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് വവ്വാലുകളിൽ നിന്നുമാണ് ഉത്ഭവിച്ചതെന്നാണ് നിഗമനം. അതേസമയം, വൈറസിന്റെ ഉത്ഭവത്തെ പറ്റി നിരവധി കഥകൾ പ്രചാരത്തിലുണ്ട്. ചൈനീസ് ലബോറട്ടറിയിൽ ഉടലെടുത്ത ജൈവായുധമാണ് കൊറോണയെന്ന് ചിലർ വാദിക്കുന്നു. അതേസമയം, അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളെയെല്ലാം മുൻമുനയിൽ നിറുത്തിയ ഈ വൈറസ് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവചിക്കപ്പെട്ടിരുന്നോ എന്ന സംശയം ബലപ്പെടുന്നു. 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയായിരുന്ന നോസ്ട്രഡാമസിലേക്കാണ് ചിലരിപ്പോൾ വിരൽ ചൂണ്ടുന്നത്.
പ്രവചനങ്ങൾ
നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങളെല്ലാം ‘ ലെസ് പ്രൊഫെറ്റീസ് ‘ എന്ന കൃതിയിൽ ‘ ക്വാട്രെയ്ൻ ‘ എന്ന നാലുവരി കവിതയുടെ രൂപത്തിലാണ് എഴുതിയത്. നോസ്ട്രഡാമസിന്റെ ഈ കവിതകൾ അവ്യക്തമാണ്. നിഗൂഢതകൾ നിറഞ്ഞ നോസ്ട്രഡാമസിന്റെ ഭാഷ മനസിലാക്കാൻ വളരെ പ്രയാസമാണ്. നിശ്ചിത സ്ഥലങ്ങളോ സംഭവങ്ങളോ വരികളിൽ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ നോസ്ട്രഡാമസിന്റെ രചനകൾ യഥാർത്ഥ പ്രവചനങ്ങളായി കണക്കാക്കാനാകാത്ത വിധം അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടുന്നു. മറിച്ച് നോസ്ട്രഡാമസ് തന്റെ രചനകളിലൂടെ ഭാവിയെ വരച്ചിടുകയാണെന്ന് ചിലർ വിശ്വസിക്കുന്നു.
പുരാതന ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരച്ച ഈ കൃതിയിലെ കവിതകൾ കാലക്രമം അനുസരിച്ചല്ല വിന്യസിച്ചിരിക്കുന്നത്. എന്നാൽ അവ 100 ക്വാട്രെയ്നുകൾ ചേർന്ന ചാപ്റ്ററുകൾ അഥവാ സെഞ്ച്വറികളായി തിരിച്ചിട്ടുണ്ട്. 52ാം ക്വാട്രെയ്നിൽ ലണ്ടൻ നഗരത്തെ അഗ്നി വിഴുങ്ങുമെന്നും നിരവധി പേർ കൊല്ലപ്പെടുമെന്നും പറയുന്നുണ്ട്. നോസ്ട്രഡാമസ് ഈ വരികൾ രചിച്ച് 100 വർഷങ്ങൾക്ക് ശേഷം 1666 സെപ്റ്റംബർ 2ന് ലണ്ടനിൽ അഗ്നി ബാധയുണ്ടായി. 24ാം ക്വാട്രെയ്‌നിൽ ആളുകൾ ഇരുമ്പ് കൂടിനുള്ളിൽ അടയ്ക്കപ്പെടുമെന്ന് പറയുന്നു. ജർമനിയെയും വരികളിൽ പരാമർശിക്കുന്നു. 1933ൽ ജർമനിയിൽ നാസികളുടെ നേതാവായ അഡോൾഫ് ഹിറ്റ്ലർ അധികാരത്തിലേറിയതാണ് നോസ്ട്രഡാമസ് പ്രവചിച്ചതെന്ന് ചിലർ പറയുന്നു. 27ാം ക്വാട്രെയ്നിൽ മഹാനായ മനുഷ്യൻ പകൽ ഇടിമിന്നലേറ്റ് മരിക്കുമെന്നു തുടങ്ങുന്ന വരികൾ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധത്തെയാണത്രെ സൂചിപ്പിക്കുന്നത്. 1963 നവംബർ 22ന് ഡല്ലാസിൽ തുറന്ന വാഹനത്തിൽ സഞ്ചരിക്കവെ കെന്നഡി വെടിയേറ്റ് മരിക്കുകയായിരുന്നു.
അപ്പോൾ കൊറോണയും ?
ഏകദേശം 500 വർഷങ്ങൾക്കു മുമ്പ് മഹാമാരികൾ ഭാവിയിൽ മനുഷ്യന് നാശം വിതയ്ക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. കടലിന്റെ തീരത്തുള്ള ഒരു നഗരത്തിൽ മഹാമാരി നാശം വിതയ്ക്കുമെന്നും പ്രതികാരം പോലെ മരണം പടർന്നു പിടിക്കുമെന്നും വൈവിധ്യമാർന്ന ചില രോഗങ്ങൾ മനുഷ്യരാശിയ്ക്ക് മേലുണ്ടാകുമെന്നും മറ്റും നോസ്ട്രഡാമസ് പറയുന്നുണ്ട്. എന്നാൽ ആ വരികളിലൊന്നും കൊറോണ വൈറസിനെ പ്രതിപാദിക്കുന്നില്ല. ഈ വരികൾ കൊറോണ ഉത്ഭവിച്ച വുഹാനെ പറ്റിയാകാം പറയുന്നതെന്ന് ചിലർ പറയുന്നു. എന്നാൽ കൊറോണയ്ക്ക് മുമ്പ് സ്പാനിഷ് ഫ്ലൂ ഉൾപ്പെടെയുള്ള മഹാമാരികൾ ലോകത്തുണ്ടായിട്ടുണ്ടല്ലോ. അതുകൊണ്ട് ഈ വരികൾ കൊറോണയെ തന്നെ ഉദ്ദേശിച്ചാണെന്ന് പറയാനാകില്ല.
6ാം ക്വാട്രെയ്നിൽ രണ്ട് നഗരങ്ങളെ പറ്റിയും ഇന്നേവരെ കാണാത്ത ഒരു വിപത്തിനെ പറ്റിയും നോസ്ട്രഡാമസ് പറയുന്നുണ്ട്. മഹാമാരി ക്ഷാമത്തിനിടയാക്കുമെന്നും ആളുകൾ രക്ഷയ്ക്കായി ദൈവത്തെ വിളിച്ച് കരയുമെന്നും പ്രതിപാദിക്കുന്നു.
വ്യാജപ്രവചനങ്ങൾ
അതേ സമയം സോഷ്യൽ മീഡിയയിൽ നോസ്ട്രഡാമസിന്റേതെന്ന പേരിൽ വ്യാജ പ്രവചനങ്ങളും പ്രചരിക്കുന്നുണ്ട്. അതിൽ ഒന്ന് ചുവടെ; ‘ ഇരട്ട വർഷത്തിൽ (2020 ) കിഴക്ക് നിന്നും ( ചൈന ) ഒരു രാജ്ഞി ( കൊറോണ ) ഉദിക്കും, ഇരുട്ടിന്റെ മറവിൽ ഏഴ് പർവതങ്ങൾ നിറഞ്ഞ രാജ്യത്ത് ( ഇറ്റലി ) ഒരു മഹാമാരി വിതയ്ക്കും ( വൈറസ് ), മനുഷ്യനെ അത് ചാരമാക്കും ( മരണം ), ലോകം നശിക്കും, ലോക സമ്പദ്‌വ്യവസ്ഥയുടെ അവസാനമാകുമത്…. ‘ നിരവധി പേരാണ് ഈ വരികൾ നോസ്ട്രഡാമസിന്റേതെന്ന് പറഞ്ഞ് ഷെയർ ചെയ്യുന്നത്. യഥാർത്ഥത്തിൽ ഇങ്ങനെ ഒരു പ്രവചനം നോസ്ട്രഡാമസ് നടത്തിയിട്ടില്ല. സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വ്യാജപ്രവചനമാണിത്.
ആരാണ് നോസ്ട്രഡാമസ് ?
1503ൽ ഫ്രാൻസിൽ ജനിച്ചു. ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനും കൂടിയായ നോസ്ട്രഡാമസിന്റെ അതീന്ദ്രിയജ്ഞാനം നൂറ്റാണ്ടുകളായി പ്രസിദ്ധമാണ്. മൈക്കൽ ഡി നോസ്ട്രഡാം എന്ന നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ‘ ലെസ് പ്രൊഫെറ്റീസ് ‘ എന്ന പേരിൽ 1555ലാണ് പ്രസിദ്ധീകരിച്ചത്. ലോകത്ത് ഇന്നേവരെയുണ്ടായ ചരിത്രപ്രധാനമായ പല സംഭവവികാസങ്ങളും നോസ്ട്രഡാമസ് ഈ പുസ്തകത്തിലൂടെ പ്രവചിച്ചതാണത്രെ. കൊറോണയെ പറ്റിയും നോസ്ട്രഡാമസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് ചിലർ വാദിക്കുന്നു. 1666ൽ ലണ്ടൻ നഗരത്തെ വിഴുങ്ങിയ തീപിടിത്തം, 1963ൽ ജോൺ എഫ്. കെന്നഡിയുടെ വധം, 1933ൽ ഹിറ്റ്ലറുടെ ഉദയം, ഫ്രഞ്ച് വിപ്ലവം, നോപ്പോളിയൻ ബോണപ്പാർട്ട്, ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആറ്റോമിക് ബോംബ് ആക്രമണം, വേൾഡ് ട്രേഡ് സെന്റർ ആക്രമണം, അപ്പോളോ ദൗത്യം, ചലഞ്ചർ സ്പെയ്സ് ഷട്ടിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം എന്നിവ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നതായി വിശ്വസിക്കുന്നവർ ഏറെയാണ്. ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകളിലൂടെയാണ് നോസ്ട്രഡാമസ് പ്രവചനങ്ങൾ നടത്തിയിരുന്നത്. നോസ്ട്രഡാമസ് സ്വന്തം മരണം പ്രവചിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്. അടുത്ത സൂര്യോദയം താൻ കാണില്ലെന്ന് മരിക്കുന്നതിന് തലേദിവസം അദ്ദേഹം പറഞ്ഞിരുന്നത്രെ. 1566 ജൂലായ് 2ന് 62ാം വയസിലാണ് നോസ്ട്രഡാമസ് മരിച്ചത്. നോസ്ട്രഡാമസിന്റെ കല്ലറ ഇന്നും ദക്ഷിണ ഫ്രാൻസിലുണ്ട്.