ജിഷയുടെ കൊലപാതകം; അയല്‍ക്കാരെ കസ്റ്റഡിയിലെടുത്തു, ജിഷയുടെ മരണത്തിനു കാരണം അയല്‍ക്കാരുടെ നിഷേധാത്മകമായ നിലപാട്

perumbavoor-Jisha

കൊച്ചി: ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധം തുടരവെ പോലീസ് സംശയമെന്നു തോന്നിയ അയല്‍ക്കാരെയും കസ്റ്റഡിയിലെടുത്തു. ജിഷ വാവിട്ട് നിലവിളിച്ചിട്ടും അയല്‍പക്കക്കാര്‍ തിരിഞ്ഞു നോക്കിയില്ലത്രേ. ജിഷയുടെ മരണത്തിന് കാരണം അയല്‍പക്കക്കാരുടെ നിഷേധാത്മകമായ നിലപാടെന്ന് പോലീസ് പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെയും ജിഷയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആളുകള്‍ എത്തിയിട്ടുണ്ട്. വീട്ടുകാരോട് എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും നിലവിളി കേട്ടാല്‍ അവിടെ പാഞ്ഞെത്തി ഇടപെടുക എന്നത് അല്‍പമെങ്കിലും മനസാക്ഷിയുള്ളവരുടെ കടമയാണ്. താന്‍ അലമുറയിട്ട് വിളിച്ചിട്ടും നാട്ടുകാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് ജിഷയുടെ അമ്മയും ഇതിനകം ആരോപിച്ചിട്ടുണ്ട്. സംഭവസമയത്ത് വീട്ടിലില്ലാതിരുന്ന അവര്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്നാണ് അയല്‍പക്കക്കാരുടെ സഹായം തേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷയുടെ നിലവിളി കേട്ടിരുന്നതായി ചില അയല്‍വാസികള്‍ ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അവരില്‍ പലരും മാധ്യമങ്ങള്‍ക്ക് മുന്നിലോ പൊലീസിനോടോ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറാകാതിരിക്കുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. സന്ദര്‍ഭോജിതമായി പരിസരവാസികള്‍ ഇടപെട്ടിരുന്നെങ്കില്‍ ജിഷ കൊല്ലപ്പെടില്ലായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത്. കേരളത്തിന് തീര്‍ത്തും അന്യമായ നിലപാട് സ്വീകരിച്ച പരിസരവാസികളുടെ നിലപാട് സകലരെയും ഇപ്പോള്‍ ഞെട്ടിച്ചിരിക്കുകയാണ്.

യാതൊരു സ്വഭാവ ദൂഷ്യവുമില്ലാത്ത ജിഷ പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനിയായിരുന്നുവെന്ന് സഹപാഠികളും ചൂണ്ടിക്കാട്ടുന്നു. അതേസമയം, നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. ജിഷ പഠിച്ച എറണാകുളം ലോ കോളേജിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. പെരുമ്പാവൂരിലും പ്രതിഷേധം കത്തിപ്പടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും പ്രതിഷേധത്തിന് ശമനം വന്നിട്ടില്ല. പ്രതിഷേധം തണുപ്പിക്കാന്‍ ‘നാടകം’ കളിക്കാതെ പ്രതികളെ അറസ്റ്റ് ചെയ്ത് പൊതുസമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കൊലപാതകം നടന്ന് ആറു ദിവസമായിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിക്കാത്തതും സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയായിട്ടാണ് ആരോപിക്കപ്പെടുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് പി കെ ശ്രീമതിയുടെ നേതൃത്വത്തില്‍ വനിതകള്‍ ഇക്കാര്യമുന്നയിച്ച് ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

കേസന്വേഷണം എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവിനാണെങ്കിലും ‘ബാഹ്യ’ ഇടപെടലുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ ഉണ്ടാവരുതെന്ന ആവശ്യവും ശക്തമാണ്.നേരത്തെ ചില ആരോപണങ്ങളില്‍ വിവാദനായകനായ എഡിജിപിയുടെ ഇടപെടല്‍ ഒരു കാരണവശാലും ഈ അന്വേഷണത്തില്‍ ഉണ്ടാവരുതെന്നും അങ്ങിനെ വന്നാല്‍ ശക്തമായി പ്രതിഷേധിച്ച് രംഗത്ത് വരാനുമാണ് സംഘടനകളുടെ തീരുമാനം. ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ കൊലപാതകമായാണ് ജിഷയുടെ മരണത്തെ വിലയിരുത്തപ്പെടുന്നത് എന്നതിനാലും പ്രതിഷേധം കത്തിപ്പടരുന്നതും സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.

വീട്ടില്‍ ഒറ്റക്കായിരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി മൃഗീയമായി കൊലചെയ്യപ്പെട്ടതിന്റെ ഭീകരാവസ്ഥ പൊലീസ് തന്നെ തിരിച്ചറിയാന്‍ വൈകി എന്നതാണ് യാഥാര്‍ത്ഥ്യം. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ കണ്ടെത്തിയ ഇരുപതോളം മുറിവുകള്‍ വലിയ ഏതോ ആയുധമുപയോഗിച്ചതിനാലാണ്.

രഹസ്യഭാഗം കുത്തിക്കീറിയ നിലയില്‍ കാണപ്പെട്ടത്, തലക്ക് പിന്നില്‍ കമ്പി കൊണ്ട് അടിച്ച വലിയ മുറിവ്, നെഞ്ചിലും കഴുത്തിലും താടിയിലും കത്തി കൊണ്ട് ഏറ്റ മുറിവ് എന്നത് മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്നതാണ്.

ഡല്‍ഹി പെണ്‍കുട്ടിക്ക് അനുഭവിക്കേണ്ടി വന്നതിനേക്കാള്‍ അതിക്രൂരമായ ഒരു കൊലപാതകം സാക്ഷര കേരളത്തില്‍ നടന്നത് ജനങ്ങളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിപക്ഷമാകട്ടെ പൈശാചികമായ ഈ മരണം മുന്‍നിര്‍ത്തി, സമാധാനത്തോടെ പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീട്ടില്‍ പോലും കഴിയാന്‍ പറ്റാത്തതുമായ സാഹചര്യം ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.

Top