ഈരാറ്റുപേട്ടയിലെ മ്ലാവ് വേട്ട:മുഖ്യപ്രതികളെ കാസര്‍കോട് നിന്നും അറസ്റ്റ് ചെയ്തു

പാലാ: സംരക്ഷിത ഇനമായ മ്ലാവിനെ വേട്ടയാടിയ കേസിലെ മുഖ്യപ്രതികളെ പോലീസ് കാസര്‍ഗോഡ് നിന്നു പിടികൂടി. പ്ലാശനാല്‍ ചേറാടിയില്‍ ഗോപാലന്റെ മക്കളായ അനില്‍, സുനില്‍ എന്നിവരെയാണ് ഈരാറ്റുപേട്ട സി.ഐയുടെ നിര്‍ദേശപ്രകാരം എസ് ഐ ജയനും സംഘവും ഇന്നലെ പിടികൂടിയത്. ഇവരോടൊപ്പം മറ്റു രണ്ടു പേര്‍ കൂടി പിടിയിലായിട്ടുണ്ട്. കൊണ്ടൂര്‍ സ്വദേശി വിഷ്ണു, സജീഷ് എന്നിവരാണ് പിടിയിലായത്. നാലു പേരെയും ഈരാറ്റുപേട്ട സ്റ്റേഷനിലെത്തിച്ചു.

കഴിഞ്ഞ 24 ന് പുലര്‍ച്ചെയാണ് പ്ലാശനാല്‍ ചേറാടിയില്‍ ഗോപാലന്റെ മകന്‍ അനിലിന്റെ വീട്ടുമുറ്റത്തു നിന്നു ജീപ്പില്‍ 80 കിലോയോളും തൂക്കം വരുന്ന മ്ലാവിന്റെ ജഡവും തോക്കും പോലീസ് പിടിച്ചെടുത്തത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. അന്ന് പിടിയിലായ കാഞ്ഞിരപ്പള്ളി സ്വദേശി തോമസ് മത്തായിയെ ചോദ്യം ചെയ്ത പോലീസിന് പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റാന്നി വടശേരിക്കര ഭാഗത്തു നിന്നുമാണ് മ്ലാവിനെ വേട്ടയാടിയതെന്നണ് വിവരം. മ്ലാവിന്റെ ആന്തരീകാവയവങ്ങള്‍ കാട്ടിലുപേക്ഷിച്ച് ജഡം ജീപ്പില്‍ കടത്തിക്കൊണ്ടു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനിലിന്റെ വീട് ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലാക്കുകയും റെയ്ഡ് നടത്തുകയുമായിരുന്നു. പോലീസിനെക്കണ്ട് സംഘത്തിലുണ്ടായിരുന്ന നാലു പേരും അന്ന് ഓടി രക്ഷപെട്ടിരുന്നു.

കാഞ്ഞിരപ്പള്ളി വെട്ടുകല്ലാംകുഴി തോമസ് മത്തായി(55)യാണ് സംഭവദിവസം പിടിയിലായത്. ഇയാള്‍ റിമാന്‍ഡിലാണ്. കെ.എല്‍.49 ബി.139 നമ്പര്‍ ജീപ്പിലായിരുന്ന മ്ലാവിനെ കടത്തിയത്. പത്തനംതിട്ട,റാന്നി മേഖലകളില്‍ ഈ സംഘം സ്ഥിരമായി നായാട്ട് നടത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു നിരീക്ഷണം ഏര്‍പ്പെടുത്തിയത്.

പത്ത് വയസിനു മുകളില്‍ പ്രായമുള്ള മ്ലാവാണ് ഇവരുടെ തോക്കിനിരയായത്. ജീപ്പില്‍ നിന്ന് ഒരു തോക്കും കൈക്കോടാലി, മൊബൈല്‍ ഫോണുകള്‍, തിരകള്‍, കഠാര എന്നിവയും കണ്ടെടുത്തിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇരട്ടക്കുഴല്‍ തോക്ക് പിടിച്ചെടുത്തത്. പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്. നായാട്ടിന് ഒത്താശ ചെയ്ത ചില പ്രദേശവാസികളും നിരീക്ഷണത്തിലാണ്. പോലീസിനു പുറമെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ലൈസന്‍സില്ലാത്ത തോക്ക് കൈവശംം വച്ചതിനാല്‍ ഇവര്‍ക്ക് തോക്ക് നല്‍കിയവരും തിരകള്‍ കൈമാറിയവരും കുടുങ്ങുംമെന്നും പോലീസ് പറഞ്ഞു.

Top