ചെന്നൈ: തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് രജനികാന്തിന്റെ പേട്ട. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ഏതൊരു രജനി ചിത്രവും പോലെ മാസും ആക്ഷനും നിറഞ്ഞതു തന്നെയാണ്. എന്നാല്‍ പീറ്റര്‍ ഹെയ്ന്‍ എന്ന ഇന്ത്യയിലെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫര്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ ചിത്രത്തെ വേറൊരു തലത്തിലേക്ക് എത്തിച്ചു. ചിത്രത്തിന്റെ സ്റ്റണ്ട് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് പീറ്റര്‍ ഹെയ്ന്‍.
ചിത്രീകരണത്തിന്റെ ഒരവസരത്തില്‍ തനിക്ക് പ്രായം എഴുപതായെന്നും ഇത്രത്തോളം പീഡനം വേണോ എന്നുവരെ രജനി തന്നോട് ചോദിച്ചിരുന്നുവെന്ന് പറയുകയാണ് പീറ്റര്‍.
‘ചിത്രത്തില്‍ നുഞ്ചാക്ക് ഫൈറ്റ് സ്വീക്വന്‍സ് ഉണ്ട്. കത്തി, തോക്ക് ഇതൊക്കെ രജനിസാര്‍ മുന്‍പും പല ചിത്രങ്ങളിലും ചെയ്തിട്ടുണ്ട്. നുഞ്ചാക്ക് ചെയ്യണമെങ്കില്‍ നല്ല പരിശീലനം വേണമെന്നും ഇത് രജനിസാറിനോട് പറയണമെന്നും സംവിധായകനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം ആ ദൗത്യം എന്നെ ഏല്‍പ്പിച്ചു. അങ്ങനെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പെ രജനിസാറിനെ കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടിലെത്തി അദ്ദേഹത്തോട് കാര്യം പറഞ്ഞു. നുഞ്ചാക്കിനെക്കുറിച്ചും വേണ്ട പരിശീലനത്തെക്കുറിച്ചും സംസാരിച്ചു. ഷൂട്ടിംഗിന് മുന്‍പ് പരിശീലനം നടത്താന്‍ അദ്ദേഹം സമ്മതിച്ചു.
ഇടയ്ക്കിടെ എന്നോടദ്ദേഹം പറയുമായിരുന്നു, ‘എനിക്ക് 70 വയസാകാറായി, ഇത്ര പ്രായമുള്ള ഒരു മനുഷ്യനെ ഇങ്ങനെയൊക്കെ പീഡിപ്പിക്കാമോ’ എന്ന്. സര്‍ ഇതൊക്കെ ചെയ്താല്‍ ആരാധകര്‍ക്ക് സന്തോഷമാകുമെന്ന് മറുപടി നല്‍കി. പരിശീലനം കാരണമാണ് ആ രംഗങ്ങള്‍ ഇത്ര മനോഹരമായി പ്രേക്ഷകരിലേക്കെത്തിയത്’- പീറ്റര്‍ പറയുന്നു.