തിരുവനന്തപുരം: നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ജനറല്‍ സെക്രട്ടറിയും മത്സ്യത്തൊഴിലാളി സംഘടനാ രംഗത്തെ മികവുറ്റ നേതാവും സംഘാടകനുമായ ടി.പീറ്റർ (62) അന്തരിച്ചു.സംസ്ഥാനത്ത് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ നേതാവ് എന്ന നിലയില്‍ ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.കോവിഡ് രോഗബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം വേളി സ്വദേശിയായിരുന്നു.നിലവില്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും അലകള്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു. ഭാര്യ മാഗ്ലിനും ഫെഡറേഷന്‍ നേതാവാണ്.ഡോണയാണ് മകള്‍.
സിസ്റ്റർ ആഗ്നസിനൊപ്പം 1987- 90 കളിൽ മത്സ്യത്തൊഴിലാളി പ്രക്ഷോഭത്തിന്‌റെ മുന്നണിപ്പോരാളിയായി. വിദേശ ട്രോളറുകൾക്ക് തീരക്കടലിൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയതിനെതിരെ പ്രക്ഷോഭം നയിച്ചതിലൂടെ ശ്രദ്ധേയനായി.തിരുവനന്തപുരത്തെ ജനകീയ പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്നു. 2018ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ടയിലേക്ക് അടക്കം മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും അയക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും പീറ്ററാണ്.
മത്സ്യത്തൊഴിലാളികൾക്കിടയിൽ അവരുടെ ഉന്നമനത്തിനായി എന്നും പ്രയത്നിച്ച സംഘാടകനും നേതാവുമായിരുന്ന ടി പീറ്ററിന്റെ വിയോഗം വ്യക്തിപരമായി ഏറെ വേദനിപ്പിക്കുന്നതാണ് എന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്തടക്കം പ്രതിസന്ധി ഘട്ടങ്ങളിൽ മാനുഷികതയുടെയും നന്മയുടെയും പ്രതീകമായി നിലകൊള്ളാൻ പീറ്ററിന് കഴിഞ്ഞിട്ടുണ്ട്. നിരവധി മത്സ്യത്തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പീറ്റർ മത്സ്യത്തൊഴിലാളി സമൂഹത്തിനായി ഇടതു മുന്നണി സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ വിശദീകരിച്ചു പറയുന്ന ടെലിവിഷൻ പരിപാടി കഴിഞ്ഞ ദിവസമാണ് താൻ കണ്ടത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും മന്ത്രി അറിയിച്ചു.