കൊച്ചി: യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കപ്പെടുന്ന ആപ്പാണ് ടെലിഗ്രാം. നിയമവിരുദ്ധമായ നിരവധി പ്രവർത്തനങ്ങൾ ടെലിഗ്രാമിൽ നടക്കുന്നതായി പലപ്പോഴായി പരാതി ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ആപ്പ് രാജ്യത്ത് നിരോധിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ നിയമ വിദ്യാര്‍ഥിനി അഥീന സോളമനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെലിഗ്രാം എന്ന മൊബൈല്‍ ആപ്പിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ചിത്രങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും ഇതു തടയാന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
2013 ല്‍ റഷ്യയില്‍ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് പിടികൂടാനാവാത്ത തരത്തില്‍ ആശയവിനിമയം നടത്താനായി തുടങ്ങിയ ഈ മൊബൈല്‍ ആപ് ഇന്ത്യയില്‍ ലൈസന്‍സോ അനുമതിയോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ജിക്കാരി ആരോപിക്കുന്നു.
ആര്‍ക്കും എന്തും പോസ്റ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയുന്ന ടെലിഗ്രാം മൊബൈല്‍ ആപ് തടയേണ്ടതുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നവരെ ഈ ആപ്പില്‍ നിന്ന് കണ്ടെത്താനും കഴിയില്ല.
ഈ സാഹചര്യത്തില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ടെലിഗ്രാം ആപ് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അടുത്ത ദിവസം ഹര്‍ജി പരിഗണിച്ചേക്കും.