കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് ഉച്ച വരെ അടച്ചിടും. പമ്പുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും മതിയായ സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ടാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്.
സംസ്ഥാനത്തെ പൊതുമേഖലാ ഓയില്‍ കമ്പനികളുടെ 2400ല്‍പ്പരം ഡീലര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കോട്ടയം പമ്പാടിയില്‍ കഴിഞ്ഞയാഴ്ച പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് 1.5 ലക്ഷം രൂപ കവര്‍ന്നിരുന്നു.
അതേസമയം പണിമുടക്കില്‍ കണ്ണൂരിലെയും മലപ്പുറം ജില്ലയിലെയും പമ്പുകള്‍ പങ്കെടുക്കില്ല. പരീക്ഷാക്കാലം, അടുത്ത ദിവസം നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണു സമരത്തില്‍നിന്നു വിട്ടു നില്‍ക്കുന്നതെന്നു ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.വി. രാമചന്ദ്രന്‍ പറഞ്ഞു. ഇന്ധനമില്ലാതെ വാഹനങ്ങള്‍ മുടങ്ങുന്നത് ഉള്‍പ്രദേശങ്ങളിലും മറ്റും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കടുത്ത ദുരിതത്തിന് ഇടയാക്കുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.