കൊച്ചി: പോക്കറ്റടിക്കപ്പെടുന്നവര്‍ക്ക് പൊതുവേ കള്ളന്മാരോട് കലിപ്പാണ്. പക്ഷേ ഇന്നലെ ഫേസ്ബുക്കില്‍ വൈറലായ കുറിപ്പ് അങ്ങനെയല്ല. കള്ളന് നന്ദി പറയുകയാണ് പോക്കറ്റടിക്കപ്പെട്ട യുവാവ്. മോഷണത്തിന് ഇരയായ നൗഫല്‍ കാരാട്ട് എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഏറെ കൗതുകകരമാകുന്നത്. കാരണം ഒരു ദീര്‍ഘദൂര യാത്രക്കിടെ തന്റെയും സുഹൃത്തിന്റെയും പേഴ്‌സ് കവര്‍ന്ന മോഷ്ടാവിനെ നന്ദിയോടെയാണ് നൗഫല്‍ സ്മരിക്കുന്നത്.
പാന്റ്‌സിന്റെ പോക്കറ്റ് കീറി പേഴ്‌സ് കൈക്കലാക്കിയ കള്ളന്‍ പണം മാത്രമാണ് അതിനുള്ളില്‍ നിന്നും എടുത്തതെന്ന് നൗഫല്‍ ആശ്വാസത്തോടെ പറയുന്നു. മാത്രമല്ല അതിനുള്ളിലെ വിലപ്പെട്ട പല രേഖകളും വിലകൂടിയ കാമറയും മൊബൈല്‍ ഫോണും ഒന്നും തന്നെ ആ മോഷ്ടാവ് എടുത്തിരുന്നില്ല.
പൈസ നമുക്ക് വീണ്ടും പെട്ടെന്ന് ഉണ്ടാക്കാമെങ്കിലും ലൈസന്‍സ്, എടിഎം, ആധാര്‍ തുടങ്ങിയ ഡോക്യൂമെന്റ്‌സ് നഷ്ടപ്പെട്ടാല്‍ പിന്നെ അതുണ്ടാക്കാന്‍ നമ്മള്‍ ഒരുപാട് ഓടേണ്ടി വരും എന്നാണ് നൗഫല്‍ പറയുന്നത്.
അതിനിടവരുത്തി തന്നെയും സുഹൃത്തിനെയും കഷ്ടപ്പെടുത്തുവാന്‍ തുനിയാതിരുന്ന മോഷ്ടാവിനെ നന്ദിയോടെയാണ് നൗഫല്‍ ഓര്‍ക്കുന്നത്. ‘മറ്റു കള്ളന്മാര്‍ ഇത് കാണുന്നുണ്ടെങ്കില്‍ മോഷ്ടിക്കുന്‌പോള്‍ ഇങ്ങനെ മോഷ്ടിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു’ എന്ന് പറഞ്ഞാണ് നൗഫല്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.