അര്‍ധരാത്രിയില്‍ പോലീസിന്റെ അഴിഞ്ഞാട്ടം; മുഖം മറച്ച് യുവാക്കള്‍ക്ക് മര്‍ദ്ദനം

കൊല്ലം: കൊല്ലം പുനലൂരില്‍ നടുറോഡില്‍ പോലീസ് അഴിഞ്ഞാട്ടം. യുവാക്കളെ മുഖം മറച്ച് മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാക്കളും പോലീസും തമ്മില്‍ നഗരമധ്യത്തില്‍ സംഘര്‍ഷമുണ്ടായത്.

സിനിമാ തീയറ്ററില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയവരെയാണ് മര്‍ദ്ദിച്ചത് എന്നാണ് പോലീസ് പറയുന്നത്. പുനലൂരില്‍ ദേശീയ പാതയ്കരികിലെ പ്രമുഖ തീയറ്ററിനു മുന്നിലാണ് പോലീസും ഒരു സംഘം യുവാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇടമണ്‍ സ്വദേശികളായ യുവാക്കളും എസ്.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് ഗുണ്ടാസംഘങ്ങളെ പോലെ തെരുവില്‍ ഏറ്റുമുട്ടിയത്. മുഖം മറച്ചായിരുന്നു ചില പോലീസുകാരുടെ നടുറോഡിലെ അഴിഞ്ഞാട്ടം.

ജീപ്പില്‍ കയറ്റിയ ശേഷവും തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ചും എസ്‌ഐ രാജീവിന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം തുടര്‍ന്നുവെന്നാണ് ആക്ഷേപം.

അതേസമയം മദ്യലഹരിയില്‍ തീയറ്ററില്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് മാനേജര്‍ വിവരമറിയിച്ചിട്ടാണ് പോലീസ് സ്ഥലത്തെത്തിയതെന്നും കസ്റ്റഡിയിലെടുത്തവരെ ഉടന്‍ തന്നെ വിട്ടയച്ചെന്നുമാണ് പോലീസ് പറയുന്നത്. നടു റോഡില്‍ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഇതിന് മുമ്പും പുനലൂരിലെ പോലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടിയ്ക്ക് വിധേയരായിട്ടുണ്ട്. വാഹന പരിശോധന ചിത്രീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അശ്ലീല പ്രയോഗം നടത്തി വിവാദത്തിലായ എസ്.ഐയും പുനലൂര്‍ സ്റ്റേഷനിലെയായിരുന്നു.

Top