
370 യാത്രക്കാരുമായി ന്യുയോര്‍ക്കിലേക്കു പറന്ന എയര്‍ഇന്ത്യ വിമാനം വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് പൈലറ്റുമാരുടെ മനഃസാന്നിധ്യം ഒന്നുകൊണ്ടു മാത്രം. എയര്‍ഇന്ത്യ ബോയിങ് 777-300 എന്ന വിമാനമാണ് അത്ഭുതകരമായി വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സെപ്റ്റംബര്‍ 11നാണ് സംഭവം നടന്നത് ആ നടുക്കുന്ന നിമിഷങ്ങളെക്കുറിച്ച് അന്ന് വിമാനം നിയന്ത്രിച്ച പൈലറ്റുമാര്‍ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. 15 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കല്‍, നിരവധി തകരാറുകള്‍, കാലിയാകുന്ന ഇന്ധനടാങ്ക്, പരിമിതമായ കാഴ്ച ഇത്രയും ഭയാനകമായ അവസ്ഥകളാണ് തങ്ങള്‍ ആ സമയം അഭിമുഖീകരിച്ചതെന്ന് അവര്‍ പറയുന്നു. ഡല്‍ഹിയില്‍നിന്ന് 15 മണിക്കൂര്‍ നിര്‍ത്താതെ പറക്കുകയായിരുന്നു. ലാന്‍ഡിങ് സംവിധാനം പ്രവര്‍ത്തന രഹിതമായി.
തറനിരപ്പില്‍നിന്നു വിമാനം എത്ര ഉയരത്തില്‍ വേണമെന്നു ക്രമീകരിക്കുന്നതിനുള്ള സംവിധാനമായ റേഡിയോ ആള്‍ട്ടിമീറ്ററും പ്രവര്‍ത്തിച്ചില്ല. റേഡിയോ ആള്‍ട്ടിമീറ്ററിലെ നിര്‍ണായക ഡേറ്റകള്‍ ലഭിക്കുന്നതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റവും (ഐഎല്‍എസ്) പ്രവര്‍ത്തനരഹതിമായി. രാത്രിയിലും പകലും കാലാവസ്ഥാ ഭേദമില്ലാതെ ലാന്‍ഡിങ്ങിനു പൈലറ്റ് ആശ്രയിക്കുന്നതാണ് ഐഎല്‍എസ് സംവിധാനം. അടിയന്തരഘട്ടത്തില്‍ ഒരു ഉപകരണവും സഹായകരമായില്ലെന്നു സെക്കന്റ് സീനിയര്‍ കമാന്‍ഡര്‍ ക്യാപ്റ്റന്‍ സുശാന്ത് സിങ് പറഞ്ഞു. ക്യാപ്റ്റന്‍മാരായ രസ്തം പാലിയ, സുശാന്ത് സിങ്, കോ-പൈലറ്റുമാരായ വികാസ്, ഡിഎസ്ഭാട്ടി എന്നീ നാലംഗ സംഘമാണ് ഇത്രയും നീണ്ട യാത്രയില്‍ കോക്പിറ്റ് നിയന്ത്രിച്ചിരുന്നത്.
‘ഓട്ടോ ലാന്‍ഡിങ്ങില്ല, വിന്‍ഡ്ഷിയറില്ല, ഓട്ടോ സ്പീഡ് ബ്രേക്കില്ല, റേഡിയോ ആള്‍ട്ടിമീറ്ററില്ല, ഓക്‌സിലറി പവര്‍ യൂണിറ്റില്ല.. ഞങ്ങളെന്തു ചെയ്യണം? ന്യൂയോര്‍ക്കിലെ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ രസ്തം പാലിയ അറിയച്ചതിങ്ങനെ. ഇത്രയും ഗുരുതരാവസ്ഥയില്‍ അതിവേഗം തീരുമാനമെടുക്കണം. ന്യൂയോര്‍ക്കില്‍ ലാന്‍ഡ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ തൊട്ടടുത്തെവിടെ ഇറക്കാന്‍ പറ്റുമെന്ന് ആലോചിച്ചു. പറയുന്നതുപോലെ എളുപ്പമായിരുന്നില്ല സാഹചര്യം. പരീക്ഷണത്തിനു സമയവും സന്ദര്‍ഭവുമില്ല. ആലോചിക്കാന്‍ സമയമെടുക്കുന്തോറും ഇന്ധനം തീരുന്നു. കുറച്ചു സമയം കെന്നഡി വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ടു പറന്നെങ്കിലും ഇറക്കാന്‍ കഴിഞ്ഞില്ല. കാലാവസ്ഥ പ്രതികൂലം. ക്യാപ്റ്റന്‍ രസ്തം പാലിയ നിര്‍ണായക തീരുമാനത്തിനു മുതിര്‍ന്നു. കാര്യങ്ങള്‍ വഷളാകുകയാണെന്നു ക്യാപ്റ്റനു ബോധ്യമായി. പ്രവര്‍ത്തന സജ്ജമായ ഉപകരണങ്ങളുടെ സഹായത്തോടെ ലാന്‍ഡിങ് നടത്താന്‍ ക്യാപ്റ്റനും സഹപൈലറ്റുമാരും തീരുമാനിച്ചു. കണക്ടിക്കട്ടിലെ ആല്‍ബനി, ബോസ്റ്റണ്‍, ബ്രാഡ്‌ലി വിമാനത്താവളങ്ങളിലേക്കു പറക്കാനാവില്ല. ജീവന്മരണ പോരാട്ടം പോലെ, മനഃസാന്നിധ്യം കൈവിടാതെ ഒരേയൊരു അവസരം മാത്രം മുന്നില്‍.
സെക്കന്‍ഡുകള്‍ക്കുള്ളില്‍ ക്യാപ്റ്റന്‍ തീരുമാനമറിയിച്ചു. നെവാര്‍ക്ക് ലിബര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. കാര്യങ്ങള്‍ ഏറെക്കുറെ വിചാരിച്ചപോലെ നടക്കുന്നു. നെവാര്‍ക്കിലെ റണ്‍വേ ലക്ഷ്യമിട്ടു വിമാനം താഴ്ന്നു. ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് തകരാറിലായതിന്റെ പ്രശ്‌നങ്ങള്‍ തലപൊക്കി. വിമാനം നിയന്ത്രിക്കാനാവുന്നില്ല. വെര്‍ട്ടിക്കില്‍ നാവിഗേഷന്‍ മോഡിലും ക്രമക്കേട്. ഇറങ്ങേണ്ട പാതയില്‍നിന്നു മാറിയാണു വിമാനം പറക്കുന്നത്. പൈലറ്റിന് ഇതുവരെയും നെവാര്‍ക്കിലെ റണ്‍വേ കാണാനാവുന്നില്ല. കാര്‍മേഘങ്ങള്‍ മൂടിയതിനാല്‍ കാഴ്ച ഒട്ടുമില്ല. വിമാനത്തിന്റെ ഓട്ടമാറ്റിക് ഉപകരണങ്ങള്‍ പണിമുടക്കിയപ്പോള്‍ മാനുവലായി ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നു ക്യാപ്റ്റന്‍ സുശാന്ത് സിങ് പറഞ്ഞു. അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ മുന്നോട്ടു പറത്തി. 400 അടിക്കു മുകളിലായപ്പോള്‍ റണ്‍വേയിലെ ലൈറ്റുകള്‍ കണ്ടു.
ബോയിങ് വിമാനം ഇത്തരത്തില്‍ താഴ്ത്തി പറപ്പിക്കാറില്ല. അപ്പോള്‍ റണ്‍വേയിലേക്ക് 1.5 മൈല്‍ ദൂരമേയുണ്ടായിരുന്നുള്ളൂ. ഇത്രദൂരം പിന്നിടാന്‍ ഏതാനും സെക്കന്‍ഡുകള്‍ മതിയാകും. ഇതുവരെ നേരിട്ടതിനേക്കാള്‍ പ്രയാസമുള്ള ഘട്ടം. അതിവേഗം വരുന്ന വിമാനത്തെ നിയന്ത്രിച്ചു റണ്‍വേയ്ക്കുള്ളില്‍ അപകടമുണ്ടാകാതെ നിര്‍ത്താനാകണം. മണിക്കൂറില്‍ 300 കിലോമീറ്ററിലേക്കു വേഗം മാറ്റി. ഓട്ടമേറ്റഡ് ഉപകരണങ്ങള്‍ നിലച്ചതിനാല്‍ ഉയരത്തെക്കുറിച്ച് ഏകദേശ ധാരണ മാത്രമാണുള്ളത്. വിചാരിക്കുന്ന അളവുകള്‍ കൃത്യമായേക്കുമോയെന്ന ആശങ്ക കാര്‍മേഘമായി തലയ്ക്കുമുകളില്‍. ഒരു ചുവടു പിഴച്ചാല്‍ കത്തിച്ചാമ്പലാവുക നൂറുകണക്കിനു മനുഷ്യജീവനുകള്‍.
പൈലറ്റുമാര്‍ തളര്‍ന്നില്ല. പ്രത്യാശയോടെ കണക്കുകൂട്ടലുകള്‍ നടത്തി വിമാനത്തെ നിയന്ത്രണത്തിലാക്കി. തകരാറുണ്ടായി 38 മിനിറ്റിനുശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ക്ക് ഒരു പോറലുമേറ്റില്ല. അപകടമുനമ്പിലായിട്ടും സുരക്ഷിതമായി ലാന്‍ഡ് ചെയ്യാമെന്നുള്ള പൈലറ്റുമാരുടെ ആത്മവിശ്വാസത്തെ വാഴ്ത്തുകയാണു സഹപ്രവര്‍ത്തകര്‍. ഒന്നിലേറെ വീഴ്ചകളും തകരാറുകളും ബോയിങ് 777-300 വിമാനത്തില്‍ സംഭവച്ചതിനെക്കുറിച്ച് എയര്‍ഇന്ത്യ അന്വേഷണം തുടങ്ങി.