പിണറായി ആഭ്യന്തരം ഒഴിയും: എം.സ്വരാജ് മന്ത്രി: പിണറായി മന്ത്രിസഭയിൽ വൻ അഴിച്ചു പണി

രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന ആരോപണം മുന്നണിയ്ക്കും പാർട്ടിക്കുമുള്ളിൽ നിന്നു വന്നതിനു പിന്നാലെ പിണറായി വിജയൻ സർക്കാരിൽ വീണ്ടും അഴിച്ചു പണി വരുന്നു. മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരമന്ത്രി സ്ഥാനവും ഒന്നിച്ചു നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പിണറായി വിജയൻ ആഭ്യന്തരം ഒഴിയുമെന്ന സൂചന ശക്തമായി. മലപ്പുറം ഉപതിരഞ്ഞെടുപ്പിനു മുൻപു തന്നെ മന്ത്രിസഭയിൽ വൻ അഴിച്ചു പണി ഉണ്ടായേക്കാം. ഭരണരംഗത്ത് പരാജയമാണെന്നു കണ്ടെത്തിയ സിപിഎം മന്ത്രിമാരിൽ ചിലർക്കു സ്ഥാനം നഷ്ടമാകുമെന്നും സൂചനയുണ്ട്. ഇതോടൊപ്പം തൃപ്പൂണിത്തുറയിൽ കെ.ബാബുവിനെ അട്ടിമറിച്ചെത്തിയ എം.സ്വരാജും മന്ത്രിസഭയിൽ ഇടം പിടിക്കും.
ആഭ്യന്തരവകുപ്പ് പരാജയമാണെന്നു തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള ആലപ്പുഴ ലോബി കേന്ദ്ര സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിക്കുമെന്നാണ് സൂചന. സ്വരാജിനെ മന്ത്രിസഭയിൽ എത്തിക്കുന്നതിനു പിന്നിലും ഇതേ ലോബി തന്നെയാണ്. സംസ്ഥാനത്ത് തുടർച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളാണ് ആഭ്യന്തര വകുപ്പ് പരാജയമാണെന്ന രീതിയിലുള്ള വിമർശനത്തിനു ഇടവച്ചിരിക്കുന്നത്. പൊലീസിൽ പാർട്ടിയ്ക്കുള്ള നിയന്ത്രണം പൂർണമായും നഷ്ടമായതായി വിവിധ ജില്ലാ കമ്മിറ്റികളിൽ നിന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിപിഎമ്മിലെ ഏതെങ്കിലും എംഎൽഎ തന്നെ ആഭ്യന്തരവകുപ്പ് ഏറ്റെടുക്കണമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്ന ആവശ്യം. എന്നാൽ, പിണറായി വിജയനോടു ഇതു കൃത്യമായി ബോധ്യപ്പെടുത്താൻ പാർട്ടി നേതൃനിരയിൽ ആർക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ ആഭ്യന്തരവകുപ്പിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ട ആവശ്യം പാർട്ടി കേന്ദ്രം നേതൃത്വം പിണറായിയെ ബോധ്യപ്പെടുത്തുമെന്നാണ് സൂചന. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞു കിടക്കുന്നത് നിയന്ത്രിക്കുന്നതിനാണ് എം.വി ജയരാജനെ പാർട്ടി തന്നെ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിച്ചത്. എന്നാൽ, ഇതും വേണ്ടത്ര ഗുണം ചെയ്തില്ലെന്നാണ് റിപ്പോർട്ടുകൾ.
ഈ സാഹചര്യത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും മുഖഛായ മെച്ചപ്പെടുത്തുന്നതിനു വേണ്ടി യുവ എംഎൽഎയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഇതേ തുടർന്നാണ് എം.സ്വരാജിനെ മന്ത്രിയാക്കാൻ സിപിഎം ആലോചിക്കുന്നത്. അടുത്തു തന്നെ ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി വിഷയം ചർച്ച ചെയ്യും. മന്ത്രിമാരുടെ പെർഫോർമൻസ് റിപ്പോർട്ടും ഈ കമ്മിറ്റിയിലുണ്ടാകും. ഇതിനു ശേഷം വിഷയം ഇടതു മുന്നണിയിൽ അവതരിപ്പിക്കുന്നതിനാണ് ഇപ്പോൾ സിപിഎം ആലോചിക്കുന്നത്.
Top