സോളാർ സമരത്തിലേതടക്കമുള്ള ആയിരം കേസുകൾ എഴുതിത്തള്ളുന്നു; സിപിഎം പ്രവർത്തകർക്കുള്ള പിണറായിയുടെ ആദ്യ സമ്മാനം അടുത്ത ആഴ്ച

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ഉടൻ തന്നെ തന്നെ വിജയത്തിലെത്തിച്ച പ്രവർത്തകർക്കുള്ള ആദ്യ സമ്മാനം അണിയറയിൽ ഒരുങ്ങുന്നു. സിപിഎം പ്രവർത്തകർ പ്രതികളായ കേസുകളുടെ പട്ടിക നൽകാൻ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കു ഇന്റലിജൻസ് ഡിജിപിയുടെ സന്ദേശം കഴിഞ്ഞ ദിവസം പോയിട്ടുണ്ട്. സിപിഎം പ്രവർത്തകർ ഉൾപ്പെട്ടിട്ടുള്ള കൊലക്കേസുകൾ ഒഴികെയുള്ള കേസുകളുടെ പട്ടികയാണ് ഇപ്പോൾ ഇന്റലിജൻസ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ എല്ലാ പൊലീസ് സ്റ്റേഷനിൽ നിന്നും പട്ടിക തയ്യാറാക്കുന്നതെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആയിരത്തോളം കേസുകളാണ് സിപിഎം പ്രവർത്തകർക്കെതിരെ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് കണക്ക്. വധശ്രമവും, അടിപിടിക്കേസുകളും അടക്കമുള്ളവയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതികളായ കേസുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഈ കേസുകളുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കി നൽകാനാണ് ഇപ്പോൾ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്ത ശേഷം ചേരുന്ന ആദ്യമന്ത്രിസഭാ യോഗങ്ങളിൽ ഈ വിഷയം പരിഗണിക്കുന്നതിനും കേസുകൾ പിൻവലിക്കുന്നതിനാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേസുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ സർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. സോളാർ സമരത്തിന്റെ ഭാഗമായി പൊലീസിനെ ആക്രമിച്ചത് അടക്കമുള്ള കേസുകൾ ഈ പട്ടികയിൽ വരുമെന്ന സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഉള്ള കേസുകളിൽ വധശ്രമം അടക്കമുള്ളവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം എഴുതിത്തള്ളുന്നതിനാണ് ഇപ്പോൾ സിപിഎം ആലോചിക്കുന്നത്.

Top