തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ എല്ലാവിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ എല്ലാവിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
സമീപകാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ കേരളം നേരിട്ടത്. 130ലേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു. കൃഷിക്കും വീടുകള്‍ക്കും മറ്റു വസ്തുക്കള്‍ക്കും വലിയ നാശമുണ്ടായി. ആലപ്പുഴ ജില്ല യിലാണ് ഏറ്റവും വലിയ ദുരിതമുണ്ടായത്. കുട്ടനാടന്‍ മേഖല ഇപ്പോഴും വെള്ളത്തിലാണ്. ആരുടെയും അഭ്യര്‍ത്ഥനയില്ലാതെ തന്നെ ധാരാളം വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഈ അവസരത്തില്‍ സഹായവുമായി സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. അവരോടെല്ലാം നന്ദി അറിയിക്കുന്നു. ഓഖി ദുരന്തമുണ്ടായപ്പോള്‍ കേരളം ഒന്നിച്ചുനിന്നാണ് അതിനെ നേരിട്ടത്. അതുപോലെ നാം കൈകോര്‍ത്തു നില്‍ക്കേണ്ട സന്ദര്‍ഭമാണിത്.
സാമ്പത്തിക പരിമിതി കണക്കിലെടുക്കാതെ ദുരിതാശ്വാസത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. കൂടുതല്‍ സഹായമെത്തിക്കുന്നതിന് എല്ലാവരുടെയും സഹായവും പിന്തുണയും ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സംഭാവനകള്‍ താഴെ ചേര്‍ത്ത അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്.
അക്കൗണ്ട് നം. 67319948232, എസ്.ബി.ഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. CMDRF ലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.