ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കോടിയേരിയുടെ ആരോഗ്യ നിലയിൽ മികച്ച പുരോഗതിയുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ. ചെന്നൈയിൽ തുടരുന്ന മുഖ്യമന്ത്രി വൈകിട്ട് തിരുവനന്തപുരത്തേയ്ക്ക് തിരിക്കും.
രാവിലെ ഒമ്പതരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും കോടിയേരിയെ സന്ദർശിക്കാൻ എത്തിയത്. മുഖ്യമന്ത്രി അരമണിക്കൂർ കോടിയേരിക്കൊപ്പം ചിലവഴിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പിണറായി വിജയനെ കാണണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെ മുഖ്യമന്ത്രി എത്തിയത്.
കോടിയേരിയുടെ ആരോഗ്യ നിലയിൽ മികച്ച പുരോഗതിയുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെക്കാൾ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കൃത്യമായി സംസാരിക്കുന്നുണ്ടെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രിയിൽ നിന്നും വിവരങ്ങളുണ്ട്. ഭാര്യ വിനോദിനിയും മക്കളും കോടിയേരിക്ക് ഒപ്പമുണ്ട്.
വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് കോടിയേരിയെ ചികിത്സിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് വരെ മുഖ്യമന്ത്രി ചെന്നൈയില്‍ തുടരും. രോഗബാധിതനായ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ഓഗസ്റ്റ് 29 നാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയുക്ത സ്പീക്കര്‍ എ.എന്‍.ഷംസീറും മന്ത്രി എം.ബി.രാജേഷും കഴിഞ്ഞ ദിവസം കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.