കണ്ണൂര്‍ :പിണറായിയിലെ ദൂരുഹമരണങ്ങളുടെ ചുരുളഴിഞ്ഞു എല്ലാം അരുംകൊല തന്നെ . ഒന്നൊന്നായി സൗമ്യ ഇല്ലാതാക്കിയത് സ്വന്തം കുടുംബത്തെ .രണ്ട് യുവാക്കളോടൊപ്പം താന്‍ നഗ്നയായി കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്ന് ഇന്നലെ അറസ്റ്റിലായ സൗമ്യയുടെ മൊഴി. മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരേയും ഇല്ലാതാക്കി.കൊലപാതകത്തിനുള്ള എലി വിഷം വാങ്ങി നല്‍കിയ അറുപതുകാരനെ പോലീസ് തിരിച്ചറിഞ്ഞു. സൗമ്യയുമായി ബന്ധമുള്ള ഇരിട്ടി, തലശേരി സ്വദേശികള്‍ നിരീക്ഷണത്തില്‍. ഇരിട്ടി സ്വദേശിനിയാണ് തന്നെ ആദ്യമായി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
കഴിഞ്ഞ ജനുവരിയിലെ ഒരു അര്‍ദ്ധ രാത്രിയില്‍ ഉറക്കം ഞെട്ടിയ മകള്‍ ഐശ്വര്യ മാതാവിനെ അടുത്ത് തെരഞ്ഞപ്പോള്‍ കണ്ടില്ല. അമ്മയെ തെരഞ്ഞ് കുട്ടി മുറിയിലെ ലൈറ്റിട്ടു. ഈ സമയം അമ്മ രണ്ട് യുവാക്കളുടെ നടുവില്‍ നഗ്‌നയായി കിടക്കുന്നതാണ് മകള്‍ കണ്ടത്.തന്റെ അനാശാസ്യപ്രവര്‍ത്തനം മകള്‍ നേരില്‍ കണ്ടതിന്റെ അരിശം തീര്‍ക്കാന്‍ ഐശ്വര്യയെ സൗമ്യ മുഖത്തടിച്ചു. അന്ന് തന്നെ ഐശ്വര്യയെ ഇല്ലാതാക്കാന്‍ മനസില്‍ തീരുമാനിച്ചിരുന്നതായി സൗമ്യ പോലീസിനോട് പറഞ്ഞു.
തന്റെ അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി മാതാപിതാക്കളേയും മകളേയും ആസൂത്രിതമായി കൊലപ്പെടുത്തിയ സൗമ്യ പോലീസിന്റെ പത്ത് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിലൊടുവിലാണ് മനസ് തുറന്നത്.ഭര്‍ത്താവില്‍ നിന്നുള്ള ക്രൂര മര്‍ദ്ദനങ്ങളും തന്നെ ഈ നിലയിലേക്ക് എത്തിച്ചതിന് കാരണമായിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു. 16 കാരന്‍ മുതല്‍ അറുപതുകാരന്‍ വരെയായിട്ട് ബന്ധമുള്ള സൗമ്യക്ക് കൊലപാതകത്തിന് ഇവരില്‍ നിന്ന് ആങ്കെിലും സഹായം ചെയ്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.
11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രി സൗമ്യ ക്രൈം ബ്രാഞ്ചിനോടു കുറ്റം സമ്മതിച്ചു. വിഷം ഉള്ളില്‍ചെന്നാണു മരണങ്ങള്‍. പിടിവീഴുമെന്നറിഞ്ഞ സൗമ്യ ഇതേവിഷം കഴിച്ച് ആശുപത്രിയിലായതിനു പിന്നാലെയാണ് അറസ്‌റ്റ്. സൗമ്യയുമായി ബന്ധമുള്ള മൂന്നു യുവാക്കാള്‍ കസ്‌റ്റഡിയിലാണ്. ഇവരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. യുവാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവിഹിതബന്ധത്തിനും സുഖജീവിതത്തിനും തടസം നിന്നതിനാല്‍ കുടുംബാംഗങ്ങളെ വകവരുത്തിയെത്താണു പോലീസിനോടു സൗമ്യയുടെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങളായി വിവാഹബന്ധം വേര്‍പ്പെടുത്തി കഴിയുന്ന സൗമ്യയുടെ ഫോണ്‍ രേഖകളും പോലീസ് പരിശോധിച്ചു വരികയാണ്.
പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണന്‍ (78), മാതാവ് കമല (68) പെണ്‍മക്കളായ ഐശ്വര്യ (ഒന്‍പത്), കീര്‍ത്തന (ഒന്ന്) എന്നിവരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കീര്‍ത്തന 2012 സെപ്‌റ്റംബറിലും മറ്റുമൂന്നുപേര്‍ കഴിഞ്ഞ നാലുമാസത്തിനിടെയുമാണ് കൊല്ലപ്പെട്ടത്. നാലുപേരുടേയും മരണം വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനു പിന്നാലെയായിരുന്നു.
എലിവിഷത്തില്‍ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫേറ്റാണ് കീര്‍ത്തന ഒഴികെയുള്ള മൂന്നുപേരുടേയും ആന്തരികാവയവ പരിശോധനയില്‍ കണ്ടെത്തിയ രാസപദാര്‍ഥം. മകള്‍ക്കു ചോറിലും മാതാപിതാക്കള്‍ക്കു കറിയിലും വിഷം കലര്‍ത്തി നല്‍കിയെന്നാണു സൗമ്യയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവ് തന്നെ മുമ്പൊരിക്കല്‍ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അതില്‍നിന്നാണ് എലിവിഷം നല്‍കാന്‍ പ്രചോദനമുണ്ടായതെന്നും സൗമ്യ പറയുന്നു. അതേസമയം ആറുവര്‍ഷംമുമ്പു മരിച്ച കീര്‍ത്തനയുടെ മരണത്തില്‍ പങ്കില്ലെന്നാണു സൗമ്യയുടെ അവകാശവാദം.
തുടര്‍മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ഐശ്വര്യയുടെയും മൃതദേഹങ്ങള്‍ വീണ്ടും പുറത്തെടുത്ത് പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. ഇതില്‍ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹത്തില്‍ അലുമിനിയം ഫോസ്‌ഫേറ്റിന്റെ അംശം കണ്ടെത്തി. ഇതു തന്നെയാണ് സൗമ്യയും ചെറിയ അളവില്‍ കഴിച്ചതെന്ന് തെളിഞ്ഞതാണ് അറസ്‌റ്റില്‍ നിര്‍ണായകമായത്. കഴിഞ്ഞ ജനുവരി 21നാണ് ഐശ്വര്യയുടെ മരണം. മാര്‍ച്ച് ഏഴിനു കമലയും, ഏപ്രില്‍ 13ന് കുഞ്ഞിക്കണ്ണനും മരിച്ചു. മരണവീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതില്‍ സൗമ്യ അസ്വസ്‌ഥയായിരുന്നു എന്നു പറയപ്പെടുന്നു. അന്വേഷണം തനിക്കുനേരെയും തിരിയുമെന്നുവന്നതോടെ വിഷം കഴിച്ചു ദുരൂഹത സൃഷ്‌ടിക്കാനായിരുന്നു നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതോടെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി രഘുരാമന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്ലിനായയി തലശേരിയില്‍ എത്തുകയായിരുന്നു. തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ ഇന്നലെ ഉച്ചയോടെയാണ് കസ്‌റ്റഡിയിലെടുത്തത്.ചോറിലും കറികളിലും രസത്തിലും വിഷം കലര്‍ത്തി നല്‍കിയാണ് ഓരോ കൊലപാതകവും നടത്തിയതെന്നും പ്രതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.