ഇതിലും തിരിച്ചടി ഉണ്ടാകുമോ ?സൗമ്യ വധക്കേസ് സുപ്രീംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക്; സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും

ന്യുഡല്‍ഹി :സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ വിശാലബെഞ്ച് പരിഗണിക്കും. ചീഫ് ജെസ്റ്റിസ് അധ്യക്ഷനായ ആറംഗ ബെഞ്ചാണ് കേസ് വ്യാഴാഴ്ച പരിഗണിക്കുന്നത്. ജസ്റ്റിസ് ജെ.എസ് കഹാറിന്റെ അധ്യക്ഷതയിലുളള ബെഞ്ചില്‍ ജസ്റ്റിസുമാരായ ദീപക് മിശ്രയും ജെ ചെലമേശ്വറും ഉണ്ടാകും. കൂടാതെ നേരത്തെ കേസ് പരിഗണിച്ച മൂന്ന് ജഡ്ജിമാരും ബെഞ്ചിലുണ്ടാകും. ഇത് സംബന്ധിച്ച് ഇന്നാണ് തീരുമാനമായത്.
ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. തുടര്‍ന്ന് വിധി പുനഃപരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും വാദം തുറന്ന കോടതിയില്‍ കേട്ടശേഷം തളളിയിരുന്നു. ഇതിനെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുന്നതും.
2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യയെ ഗോവിന്ദചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയിരുന്നു.കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി കീഴ്ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയത്. അതേസമയം ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകള്‍ പ്രകാരം നല്‍കിയ ശിക്ഷകളും നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വധശിക്ഷ നല്‍കിയ തൃശ്ശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ സുപ്രധാന വിധി വന്നത്. കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കോടതി ശിക്ഷ ജീവപര്യന്തം ആയി ചുരുക്കിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതി ഗോവിന്ദചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി വിധിയിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വിധിയില്‍ ഗുരുതര പിഴവുണ്ട്. ഗോവിന്ദചാമിക്ക് കൊലയില്‍ പങ്കില്ലെന്ന് പറയാനാകില്ല. ഐപിസി 300ാം വകുപ്പിന്റെ സാധ്യത പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഗോവിന്ദചാമിക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷ ശരിവയ്ക്കണമെന്നും ഹര്‍ജി ആവശ്യപ്പെട്ടിരുന്നു. തുറന്ന കോടതിയില്‍ വാദം കേട്ടശേഷം കോടതി ഇതും തളളിയിരുന്നു. തുടര്‍ന്ന് ലഭിച്ച നിയമോപദേശത്തിനൊടുവിലാണ് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top