പ്രളയ ദുരിതാശ്വാസ ഫണ്ട് നല്‍കരുതെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തെ തകർത്ത്  പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാരിന് ദുരിതാശ്വസ ഫണ്ട് നല്‍കരുതെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഈ നിർദ്ദേശം  പൊലീസിന് നല്‍കിയിരിക്കുന്നത്.

ദുരിതാശ്വാസത്തിന് സംഭാവന വലിയ തോതില്‍ പ്രവഹിക്കുന്നുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ അനധികൃത പണപ്പിരിവ് നടക്കുന്നതായി പരാതികള്‍ വരുന്നുണ്ട്. സര്‍ക്കാരിന് ദുരിതാശ്വാസ ഫണ്ട് നല്‍കരുതെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും പൊലീസുമായി ബന്ധപ്പെട്ട് നടപടിയെടുക്കുകയും വേണം.’ ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി പറയുന്നു.പ്രളയത്തിന്റെ ഗുരുതരമായ പ്രത്യാഘാതത്തെക്കുറിച്ച് പഠനങ്ങള്‍ ആവശ്യമാണെന്നും ദുരിതാശ്വാസ രംഗത്ത് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റ്

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തമാണ് നാം നേരിട്ടത്. ഇതിന്റെ ഗുരുതരമായ പ്രത്യാഘാതത്തെക്കുറിച്ച് പഠനങ്ങള്‍ ആവശ്യമാണ്. ദുരന്തം നേരിടുന്ന കാര്യത്തില്‍ എല്ലാവരും അവിശ്രമം നല്ല ഏകോപനത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവരെ രക്ഷപ്പെടുത്തല്‍, മാറ്റിപ്പാര്‍പ്പിക്കല്‍, ക്യാമ്പില്‍ അത്യാവശ്യം സൗകര്യം ഉറപ്പാക്കല്‍ എന്നിവയിലെല്ലാം കലക്ടര്‍മാര്‍ നല്‍കിയ നേതൃത്വം അഭിനന്ദനാര്‍ഹമാണ്. ഈ പ്രവര്‍ത്തനങ്ങളെല്ലാം നല്ല ഏകോപനത്തോടെ, കൂട്ടായ്മയോടെ ചെയ്യാന്‍ കഴിഞ്ഞു. അതിന് കലക്ടര്‍മാരെ അനുമോദിക്കുന്നു.

വിവിധ ജില്ലകളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കലക്ടര്‍മാരുമായുളള വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് കാലത്ത് അവലോകനം ചെയ്തു.

ഇനി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ക്യാമ്പുകളില്‍ നിന്ന് വലിയ തോതില്‍ ആളുകള്‍ തിരിച്ചുപോകുന്നുണ്ട്. എങ്കിലും കുറേ ക്യാമ്പുകള്‍ തുടരുകയാണ്. ക്യാമ്പിലുളളവര്‍ തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഉണ്ടാകുന്ന പ്രയാസം വലുതാണ്. എല്ലാമുണ്ടായിരുന്ന വീട് അവര്‍ കാണുന്നത് എല്ലാം നശിച്ച നിലയിലായിരിക്കും. ഇത് പലര്‍ക്കും താങ്ങാനാകില്ല. അതിന്റെ ആഘാതം വളരെ വലുതായിരിക്കും. തിരിച്ചുപോകുന്നവര്‍ക്ക് നാം ഭക്ഷണകിറ്റ് നല്‍കുന്നുണ്ട്. എന്നാല്‍ ഭക്ഷണം പാകം ചെയ്യാനുളള പാത്രമോ മറ്റ് സൗകര്യങ്ങളോ വീടുകളിലുണ്ടാകില്ല. ഈ സാഹചര്യം മനസ്സിലാക്കി കലക്ടര്‍മാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.

താല്‍ക്കാലിക ആശ്വാസം എന്ന നിലയ്ക്കാണ് പതിനായിരം രൂപ ക്യാമ്പില്‍ കഴിയേണ്ടി വന്നവര്‍ക്ക് നല്‍കുന്നത്. തുടര്‍ച്ചയായ ബാങ്ക് അവധി കാരണം ഈ തുക കൈമാറാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത ദിവസം തന്നെ തുക എല്ലാവര്‍ക്കും ലഭ്യമാക്കണം.

ചത്ത മൃഗങ്ങളുടെ ശവങ്ങള്‍ ഇനിയും എവിടെയെങ്കിലും ബാക്കി കിടക്കുന്നുണ്ടെങ്കില്‍ പെട്ടെന്ന് ശാസ്ത്രീയമായി സംസ്‌കരിക്കണം.

വീട് ശുചീകരണം നല്ല നിലയില്‍ നടക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയണമെങ്കിലും ശുചീകരണം കാര്യക്ഷമമായി നടക്കണം. വെള്ളം കയറിയതുകാരണം വീടുകളിലെ മിക്ക സാധനങ്ങളും നശിച്ചിട്ടുണ്ടാകും. അവയില്‍ മിക്കതും നന്നാക്കിയെടുക്കാനാകില്ല. നശിച്ചുപോയ സാധനങ്ങളില്‍ വാഹനങ്ങളും ഉള്‍പ്പെടും. വാഹനങ്ങളുടെ കാര്യത്തില്‍ ഇന്‍ഷൂറന്‍സ് തുക വേഗം ലഭ്യമാകുന്നതിന് നടപടി വേണം. ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രതിനിധികളുമായി ഒരു വട്ടം സംസാരിച്ചിരുന്നു. വീണ്ടും ചീഫ് സെക്രട്ടറിതലത്തില്‍ അവരുടെ യോഗം വിളിക്കുന്നുണ്ട്. നശിച്ചുപോയ കിടക്ക, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ ശേഖരിച്ച് പൊതുസ്ഥലത്ത് തല്‍ക്കാലം സൂക്ഷിക്കേണ്ടതുണ്ട്. ഒരു പഞ്ചായത്തില്‍ ഒന്നോ അതിലധികമോ സ്ഥലം ഇതിനുവേണ്ടി കണ്ടെത്തണം.

അഴുകുന്നതും അഴുകാത്തതുമായ സാധനങ്ങള്‍ വേര്‍തിരിച്ചാണ് ശേഖരിക്കേണ്ടത്. അഴുകുന്ന മാലിന്യം പെട്ടെന്ന് സംസ്‌കരിക്കണം. പ്രാദേശിക സ്ഥാപനങ്ങള്‍ വഴിയാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. കലക്ടര്‍മാര്‍ അതിന് നേതൃത്വം നല്‍കണം. വീഴ്ച ശ്രദ്ധയില്‍ പെട്ടാല്‍ ഇടപെട്ട് പരിഹരിക്കണം.

വീടുകളിലേക്ക് തിരിച്ചുപോകാന്‍ സാഹചര്യമുളള മുഴുവന്‍ പേരും രണ്ടുദിവസം കൊണ്ട് തിരിച്ചുപോകും എന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ നല്ല ശ്രദ്ധ വേണം. വീടുകളിലേക്ക് ഇപ്പോള്‍ തിരിച്ചുപോകാന്‍ കഴിയാത്തവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

തിരിച്ചുപോകുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷണകിറ്റ് നല്‍കുന്നുണ്ട്. നേരത്തെ ക്യാമ്പ് വിട്ടുപോയവര്‍ക്കും കിറ്റ് ലഭ്യമാക്കണം.

വീട് പൂര്‍ണ്ണമായി തകര്‍ന്നുപോയ ധാരാളം കുടുംബങ്ങളുണ്ട്. ധാരാളം വീടുകള്‍ താമസയോഗ്യമല്ലാതായി. ഓരോ ജില്ലയിലും ഓരോ പ്രദേശത്തും അങ്ങനെയുളള എത്ര കുടുംബങ്ങളുണ്ട് എന്നത് സംബന്ധിച്ച് ഉടനെ വിവരം ശേഖരിക്കണം. അതത് പ്രദേശങ്ങളില്‍ അവര്‍ക്ക് താമസസൗകര്യം ഉണ്ടാക്കണം. സ്‌കൂളുകളല്ലാത്ത സ്ഥലം ഇതിനുവേണ്ടി കണ്ടെത്തണം. കല്യാണമണ്ഡപങ്ങളും പൊതുഹാളുകളും കിട്ടാന്‍ ശ്രമിക്കുന്നതോടൊപ്പം ആള്‍താമസമില്ലാത്ത വലിയ വീടുകള്‍ ഈ ആവശ്യത്തിന് കിട്ടുമോ എന്നും നോക്കണം.

നാശനഷ്ടത്തിന്റെ കണക്ക് കൃത്യമായി ശേഖരിക്കണം. താമസംവിനാ ഈ നടപടി പൂര്‍ത്തിയാക്കണം. ഓരോ മേഖലയ്ക്കും വന്ന നഷ്ടം കൃത്യമായി തിട്ടപ്പെടുത്തണം.

കന്നുകാലികള്‍ക്ക് ആവശ്യമായ കാലിത്തീറ്റ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രദേശത്ത് കാലിത്തീറ്റ കിട്ടാന്‍ പ്രയാസമുണ്ടെങ്കില്‍ അത് പരിഹരിക്കണം.

ആഗസ്റ്റ് 29-ന് സ്‌കൂള്‍ തുറക്കുന്നതുകൊണ്ട് സ്‌കൂളുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി നല്ല നിലയില്‍ നടക്കുന്നുണ്ട്. ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ വൃത്തിയാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തരത്തിലുളള ആരോഗ്യപ്രശ്‌നങ്ങളും വരാതിരിക്കാനുളള മുന്‍കരുതല്‍ ഉണ്ടാകണം.

കുടിവെള്ളം എത്തിക്കുന്നത് അതീവ ഗൗരവമായി കാണണം. രോഗപ്രതിരോധത്തിനുളള പ്രധാന നടപടിയാണ് ശുദ്ധജലം ലഭ്യമാക്കല്‍. പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകള്‍ മിക്കവാറും മലിനമായിട്ടുണ്ട്. കിണര്‍ ശുചീകരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കണം. കിണര്‍ ശുചിയാക്കുന്നതുവരെ കുടിവെള്ളം വീടുകളില്‍ എത്തിക്കണം. നല്ല ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതല്‍ എടുക്കുകയും ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ വരാന്‍ സാധ്യതയുണ്ട്. ഇത്രയും വലിയ പ്രളയമുണ്ടായിട്ടും ഒരു പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിക്കാതെ നോക്കുകയാണെങ്കില്‍ അത് സംസ്ഥാനത്തിന് അഭിമാനിക്കാനുളള വക നല്‍കും. രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ശ്രദ്ധ വേണം.

ദുരിതാശ്വാസത്തിന് സംഭാവന വലിയ തോതില്‍ പ്രവഹിക്കുന്നുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ അനധികൃത പണപ്പിരിവ് നടക്കുന്നതായി പരാതികള്‍ വരുന്നുണ്ട്. സര്‍ക്കാരിന് ദുരിതാശ്വാസ ഫണ്ട് നല്‍കരുതെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും പോലീസുമായി ബന്ധപ്പെട്ട് നടപടിയെടുക്കുകയും വേണം.

ശുചീകരണ പ്രവര്‍ത്തനത്തിന് എല്ലാ വാര്‍ഡുകളിലും വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരോടൊപ്പം വാര്‍ഡ് മെമ്പറും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

ദുരന്തം ചിലരുടെയെങ്കിലും മാനസികനിലയെ ബാധിച്ചിട്ടുണ്ടാകും. അങ്ങനെയുളളവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് കൗണ്‍സലിങ്ങ് നല്‍കാന്‍ നടപടി സ്വീകരിക്കണം.

ക്യാമ്പുകളില്‍ നിന്ന് തിരിച്ചുപോകുന്നവരില്‍ ഒരു പങ്ക് അങ്ങേയറ്റം പാവപ്പെട്ടവരാണ്. ഓരോ പ്രദേശത്തും അത്തരം കുറച്ച് കുടുംബങ്ങളുണ്ടാകും. വീടുകളില്‍ തിരിച്ചെത്തിയാലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത കുടുംബങ്ങള്‍. സാമ്പത്തികശേഷിയുളള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകും. അത്തരം സ്‌പോണ്‍സര്‍ഷിപ്പ് ലഭ്യമാക്കാനുളള ശ്രമവും നടത്തണം.

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസപ്രവര്‍ത്തനത്തിലും പങ്കെടുത്ത ധാരാളം സന്നദ്ധ പ്രവര്‍ത്തകരുണ്ട്. അവരെ സര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നതിന് ഉചിതമായ പരിപാടികള്‍ സംഘടിപ്പിക്കണം.

ദുരന്തമോര്‍ത്ത് വിലപിച്ചിരിക്കാതെ പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന ദൗത്യമാണ് നമ്മുടെ മുന്നിലുളളത്. അതിനാവശ്യമായ ആസൂത്രണവും വിഭവസമാഹരണവും നടത്തേണ്ടതുണ്ട്. ആസൂത്രണം ഓരോ പ്രദേശത്തും ഉണ്ടാകണം. ജനങ്ങളെയാകെ ഒന്നിച്ച് നിര്‍ത്തുകയും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുകയും വേണം.

നഷ്ടപ്പെട്ടുപോയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. സപ്തംബര്‍ 3 ആകുമ്പോഴേക്കും അതിനുളള നടപടികള്‍ ആരംഭിക്കണം.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അത്യാവശ്യ സാധനങ്ങള്‍ക്ക് വില കൂട്ടി വില്‍ക്കുന്ന ചില സ്ഥലങ്ങളില്‍ പ്രവണതയുണ്ട്. ഇതിനെതിരെ കലകട്ര്മാര്‍ ശക്തിയായി ഇടപെടണം.കടകള്‍ മുഴുവന്‍ അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളില്‍ പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് ബദല്‍ സൗകര്യം ഏര്‍പ്പെടുത്തണം

Top