
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. സുരക്ഷാ സേന കത്തി പിടിച്ചുവാങ്ങി. ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നില്‍ കത്തിയുമായി എത്തിയത്. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കത്തിയുമായി എത്തിയത്. വൻ സുരക്ഷാവീഴ്ചയായിട്ടാണ് സംഭവത്തെ വിലയിരുത്തുന്നത്.
വിമൽ രാജിനെ പിടികൂടി ഡൽഹി പൊലീസിനു കൈമാറി. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. രാവിലെ ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ഉമ്മന്‍ചാണ്ടി മടങ്ങിയതിന് പിന്നാലെയാണ് സംഭവം.മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെയാണ് ഇയാൾ കേരള ഹൗസിലെത്തിയത്. ബാഗിൽ കടലാസുകൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. സംശയം തോന്നിയ സുരക്ഷജീവനക്കാർ വിവരം ചോദിച്ചപ്പോൾ കത്തിയുമായി മുന്നോട്ടു കുതിക്കുകയായിരുന്നു വിമൽരാജ്.
ഉടൻതന്നെ സുരക്ഷാസേന കത്തി പിടിച്ചുവാങ്ങി. താൻ മരിക്കാൻ പോകുകയാണെന്നും ജീവിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും വിമൽ വിളിച്ചു പറഞ്ഞു. തന്നെ ജോലി ചെയ്യാൻ അനുവദിക്കണം. ജീവിക്കാൻ മാർഗമില്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും വിമൽരാജ് ആരോപിച്ചു.