
ശ്രീ.പിണറായി വിജയൻ, ബഹു.കേരള മുഖ്യമന്ത്രി, ക്ലിഫ്ഹൗസ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ഇന്നോ നാളെയോ ആയി യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വാഴപ്പിണ്ടി അയച്ചു കൊടുക്കും. യൂത്ത് കോണ്ഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും തൃശൂരിൽ നടന്ന വാഴപ്പിണ്ടി സമരത്തിന് നേതൃത്വം നൽകുകയും ചെയ്ത തൃശൂർ ഡിസിസി ജനറൽ സെക്രട്ടറിയും കോർപറേഷൻ പ്രതിപക്ഷ ഉപനേതാവുമായ ജോണ് ഡാനിയേലാണ് മുഖ്യമന്ത്രിക്കു വാഴപ്പിണ്ടി ചാലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോണ്ഗ്രസുകാർ നടത്തിയ വാഴപ്പിണ്ടി സമരത്തിനെതിരെ മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നാണ് യൂത്ത് കോണ്ഗ്രസ് വാഴപ്പിണ്ടി സമരം ശക്തമാക്കാൻ തീരുമാനിച്ചത്.
പെരിയ ഇരട്ടക്കൊലപാതകങ്ങളിൽ സാഹിത്യസാംസ്കാരിക നായകർ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരും തൃശൂരിൽ കേരള സാഹിത്യ അക്കാദമിയിൽ ചെന്ന് പ്രസിഡന്റിന്റെ കാറിലും അക്കാദമി ബോർഡിലുമെല്ലാം വാഴപ്പിണ്ടികൾ സ്ഥാപിച്ചിരുന്നു.
സാഹിത്യ സാംസ്കാരിക നായകർ അവരുടെ നട്ടെല്ല് എകെജി സെന്ററിൽ പണയംവച്ചെന്ന് പരിഹസിച്ചായിരുന്നു വാഴപ്പിണ്ടി സമർപ്പിച്ചത്.ഇതിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിശിതമായി വിമർശിച്ചിരുന്നു. ഞങ്ങൾക്ക് തെറ്റുപറ്റിയെന്നും ആ വാഴപ്പിണ്ടികളുമായി ഞങ്ങൾ ആദ്യം പോകേണ്ടിയിരുന്നത് അക്കാദമിയിലേക്കായിരുന്നില്ല, ക്ലിഫ് ഹൗസിലേക്കായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റിന് ജോണ് ഡാനിയേൽ മറുപടി നൽകി.
നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ല വാഴനാരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ താങ്കൾ ഇത്രയും പരിഹാസ്യനാകുമായിരുന്നില്ലെന്നും ജോണ്ഡാനിയേൽ വാഴപ്പിണ്ടി ചലഞ്ച് പ്രഖ്യാപിച്ച് പറഞ്ഞു. കാസർകോട്ടെ സംഭവത്തിൽ എഴുത്തുകാർ മൗനം പാലിച്ചെന്നും ആ മൗനം ആർക്കുവേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റിലൂടെ ഒദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണെന്നും യൂത്ത് കോണ്ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളത്തിലെ എഴുത്തുകാരോട് എന്തെഴുതണം എന്ത് പറയണം എന്നെല്ലാം കൽപ്പിച്ചത് ആരാണെന്ന് ഓർക്കണമെന്നും അനുസരിക്കാത്തവരെ തെരുവിൽ കൈകാര്യം ചെയ്തത് ഏത് പാർട്ടിയാണെന്നും യൂത്ത് കോണ്ഗ്രസ് ചോദ്യം ഉന്നയിച്ചിട്ടുണ്ട്.
സക്കറിയേയും സി.വി. ബാലകൃഷ്ണനേയും കെ.സി. ഉമേഷ്ബാബുവിനേയും എൻ.പ്രഭാകരനേയും മുതൽ ഉണ്ണി ആർ വരെയുള്ളവരുടെ പേരുകൾ ഉദ്ധരിച്ചാണ് യൂത്ത് കോണ്ഗ്രസ് മുഖ്യമന്ത്രിയുടെ വാക്കുകളെ ചോദ്യം ചെയ്തിരിക്കുന്നത്. ക്ലിഫ് ഹൗസിലേക്ക് വലിയ വാഴപ്പിണ്ടി പല കഷ്ണങ്ങളായി മുറിച്ചാണ് അയക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. കൊറിയർ വഴിയായിരിക്കും മിക്കവാറും ഇതയക്കുക. പോസ്റ്റലായി അയക്കാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.വാഴപ്പിണ്ടി സമരത്തിനെതിരെ ഇടതുപക്ഷ യുവജനസംഘടനയും പു.ക.സയുമെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.