ആതിര രാജു
സോഷ്യല്‍ മീഡിയ വളരെ പെട്ടെന്നാണ് രാഷ്ട്രീയത്തിന് ഒഴിച്ചു കൂടാനാകാത്തതായി മാറിയത്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പു മുതല്‍ക്കാണ് സോഷ്യല്‍ മീഡിയ തെരഞ്ഞെടുപ്പിനെ എത്രമാത്രം സഹായിക്കുന്നു എന്ന് തിരിച്ചറിഞ്ഞത്. ഇതാവാം കേരളത്തിലെ നേതാക്കള്‍ കണ്ണും പൂട്ടി അക്കൗണ്ടുകള്‍ തുറന്നു. കന്പ്യൂട്ടര്‍ വരുന്നതിനെ എതിര്‍ത്തിരുന്ന സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ തുരുതുരെ ഫെയ്സ് ബുക്ക് , ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുടങ്ങി.
94 വയസായ വിഎസും സോഷ്യല്‍ മീഡിയയില്‍ ചുറുചുറുക്കോടെ കാണാം.
കാര്‍ക്കശ്യക്കാരനും പാര്‍ട്ടി ചട്ടങ്ങളില്‍ നിന്ന് ഒട്ടും വ്യതിചലിക്കാത്ത പിണറായി വിജയന്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമല്ല പിന്നീട് മുഖ്യമന്ത്രിയായി അധികാരമേറ്റിട്ടും സോഷ്യല്‍ മീഡിയ വിടാന്‍ പിണറായി തയ്യാറായില്ല. ഫെയ്സ് ബുക്ക് വഴിയായി പിന്നീട് മുഖ്യന്റെ വാര്‍ത്തകള്‍ പങ്കുവെക്കല്‍.
ചെറിയ കാര്യങ്ങള്‍ മുതല്‍ വലിയ കാര്യങ്ങള്‍ വരെ. ജനന്മക്ക് എല്ലാം ആവശ്യമാണ്. ഇല്ലെന്നല്ല.എന്നാല്‍ സ്വന്തം ഫെയ്സ് ബുക്ക് അക്കൗണ്ടു വഴി മാത്രം പ്രതികരിക്കാന്‍ തയ്യാറാകുന്ന ഒരു മുഖ്യമന്ത്രി യഥാര്‍ഥത്തില്‍ സെയ്ഫ് സോണില്‍ പോകുന്നത് അധികം ആരും ശ്രദ്ധിച്ചു കാണില്ല.
പത്ര- ദൃശ്യ- ശ്രവ്യ മാധ്യമങ്ങളെയൊക്കെ പടിക്ക് പുറത്ത് നിര്‍ത്തുന്ന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയുമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് . തനിക്ക് പറയാന്‍ പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രം മാധ്യമങ്ങളെ വിളിക്കും. പറയാനുള്ളത് മാത്രം പറയും. മറ്റ് ചോദ്യങ്ങള്‍ക്കൊന്നും മറുപടിയുണ്ടാകില്ല. മുന്‍ കാലങ്ങളില്‍ തീഷ്ണമായ കണ്ണുകളോടെയാണെങ്കില്‍ ഇപ്പോള്‍ ആ തീഷ്ണത മറച്ചു വെച്ചു ചിരിച്ചു കൊണ്ട് അതില്‍ നിന്നും ഒഴിഞ്ഞ് മാറുന്നത് കാണാം. സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതികള്‍ മാത്രം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. നടപടി ഭയന്ന് സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകളൊന്നും പുറം ലോകം കാണാതെയും ഇരിക്കുന്നു.
ചാനലുകാരെ കണ്ടാല്‍ അതിലും കഷ്ടമാണ് സ്ഥിതി. അവരെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അകറ്റി നിര്‍ത്തിയിരിക്കുന്നത് യഥാര്‍ഥത്തില്‍ പലതും മറച്ചു വെക്കാന്‍ വേണ്ടി തന്നെയാണ്. നിന്ന് കൊടുത്താല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടി വരും. ചില പ്രതികരണങ്ങളെങ്കിലും വിനയായി വന്നെന്നും വരാം. എല്ലാറ്റിനും പ്രതികരിക്കാന്‍ തനിക്ക് മനസില്ല എന്ന് പറയാതെ പറയുന്ന രീതി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്.അത് ശരിയാണ്. വാചാലനാവുകയല്ല പ്രവര്‍ത്തിക്കുകയാണ് ആവശ്യം. അതും ശരി തന്നെ. എന്നാല്‍ എത്രമാത്രം പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട് എന്ന് ജനങ്ങള്‍ അറിയുന്നുണ്ടോ. പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാണോ.
ജനങ്ങളില്‍ നിന്നും ഇത്രമാത്രം അകന്നു നില്‍ക്കേണ്ടതുണ്ടോ കേരളത്തിലെ മുഖ്യമന്ത്രിക്ക്. മുന്‍ കാലങ്ങളില്‍ ഒരിക്കല്‍ പോലും ഇത്രമാത്രം സുരക്ഷാ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിക്കുണ്ടായിരുന്നോ. കഴിഞ്ഞ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി മുതല്‍ പിന്നോട്ട് ചിന്തിക്കേണ്ടിയിരിക്കുന്നു.മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പദ്ധതിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്നായിരുന്നു ഇടക്ക് കേട്ടത്. പിന്നീട് മാധ്യമങ്ങളോട് മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്ത് കയറാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മയപ്പെടുത്തി.
ഏറ്റവും അവസാനം ജനത്തിന് നേരിട്ടുള്ള രോഷം കണ്ടത് ഓഖി ദുരന്തമേഖലകളില്‍ നിന്നാണ്. അവര്‍ സാധാരണക്കാരില്‍ സാധാരണക്കാരാണ്. പുരുഷന്‍മാര്‍ പലരും ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരാണ്. പക്ഷേ, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വലിയൊര ജനത കഷ്ടത അനുഭവിക്കുന്ന സമയത്ത് സോഷ്യല്‍ മീഡിയ രാഷ്ട്രീയ പ്രവര്‍ത്തനം ആയിരുന്നില്ല ആദ്യം വേണ്ടത് എന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി. ദുരിതമനുഭവിക്കുന്ന ജനങ്ങളെ ആശ്വസിപ്പിക്കാന്‍ മുഖ്യന്‍ വൈകിപ്പോയി. വൈകിയെത്തിയെങ്കിലും അവര്‍ ക്ഷമയോടെ തന്നെയാണ് മുഖ്യനെ വരവേറ്റത്. എല്ലാം നഷ്പ്പെട്ട് വിറങ്ങലിച്ച് നില്‍ക്കുന്ന ജനങ്ങളോട് സംസാരിക്കാനുള്ള ഭാഷ മുഖ്യമന്ത്രിക്ക് വശമില്ലാതെ പോയി. ഫെയ്സ്ബുക്കില്‍ കുറിക്കുന്ന വാക്കുകള്‍ പോലെ വായിച്ച് കേട്ട് എഡിറ്റ് ചെയ്ത് തിരുത്തലുകളോടെ പറയുന്നതുപോലെ എളുപ്പമല്ല.
ഫെയ്സ്ബുക്ക് വാളില്‍ തെറി വിളിക്കുന്നവര്‍ക്കെതിരെ രോഷം കൊള്ളുന്നവര്‍ക്കെതിരെ കേസെടുക്കാം. കാണേണ്ടത് മാത്രം കാണാം, കേള്‍ക്കേണ്ടത് കേള്‍ക്കാം. ഇവിടെ അങ്ങനെ പറ്റില്ല. ഒടുവില്‍ ഓഖി ഫണ്ടില്‍ വിമാന യാത്ര നടത്തിയെന്ന വിവരം പുറത്ത് വിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളില്‍ നിന്ന് തന്നെ. വാര്‍ത്ത വലിയ വിവാദമായി.മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളില്‍ നിന്ന് തന്നെ പണി കിട്ടിയെന്ന് റവന്യൂമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. പക്ഷേ, ഇക്കാര്യത്തില്‍ ഇനിയും മറ്റ് വിശദാംശങ്ങള്‍ മൂടി വെച്ചിരിക്കുന്നു. ആര് ചെയ്തെന്നോ എന്താണ് അയാള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടിയെന്നോ മാധ്യമങ്ങള്‍ അറിഞ്ഞിട്ടില്ല.അത് പുറത്ത് എത്തിക്കുന്ന ആള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഭയന്നിട്ടാവണം വിവരങ്ങള്‍ ഇനിയും മറഞ്ഞ് നില്‍ക്കുന്നത്. പാര്‍ട്ടി സെക്രട്ടറി തലത്തില്‍ നിന്നും ഒരു ജനകീയനായ നേതാവ് എന്ന രീതിയില്‍ മാറണമെങ്കില്‍ ജനങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയല്ല ജനങ്ങള്‍ക്കിടയില്‍ അവരുടെ വികാര വിചാരങ്ങളെ കളങ്കമില്ലാതെ അറിയണം. കള്ളമില്ലാതെ ജനങ്ങളോട് പെരുമാറുന്നവര്‍ക്ക് അവര്‍ എന്നും മഷി കുത്തും. നെല്ലും പതിരും തിരിച്ചറിയാന്‍ സാധാരണക്കാരായ ജനങ്ങള്‍ തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് വോട്ട് ബാങ്കെന്ന് വിശേഷിപ്പിക്കുന്ന ജനവിഭാഗങ്ങള്‍ ഒരിക്കല്‍ ജയിച്ചു പോയവര്‍ പിന്നീട് മണ്ഡലത്തില്‍ കാല് കുത്താന്‍ അവര്‍ അനുവദിക്കാത്തതും അതുകൊണ്ട് തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സോഷ്യല്‍ മീഡിയ പ്രണയം പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും വിധേയമായിട്ടുണ്ട്. വിമര്‍ശിക്കാം. പക്ഷേ, അത് തന്നെയാണ് പലപ്പോഴും കേരളത്തിലും കാണുന്നത്.
മുഖ്യനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥിയെ തടയുന്ന മുഖ്യന്റെ വീഡിയോ വൈറലായതിന് പിന്നാലെ മറ്റ് ചില ഫോട്ടോകളും വൈറലാകുന്നത് അതുകൊണ്ടാണ്. പ്രശസ്തരും അപ്രശസ്തരും ആയവര്‍ക്കൊപ്പം നിന്ന് മുഖ്യനെടുത്ത ഫോട്ടോകള്‍ ഉടന്‍ തന്നെ മറുപടിയായി സോഷ്യല്‍ മീഡിയ തന്നെ നല്‍കി. അഞ്ച് വര്‍ഷം കഴിയുന്പോഴേക്കും സോഷ്യല്‍ മീഡിയ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമോ പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാന്‍.