കള്ളപ്പണക്കാര്‍ക്ക് ഇപ്പോഴും പരമസുഖം; നട്ടം തിരിയുന്ന സാധാരണക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: കളളപ്പണം തടയാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ നിരോധിച്ച നടപടി വിവരണാതീതമായ ദുരിതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച് സ്വീകരിച്ച നടപടിയല്ല ഇത് എന്നാണ് വ്യക്തമാകുന്നത്. കള്ളപ്പണം കയ്യിലുള്ളവര്‍ ഈ തീരുമാനം മുന്‍കൂട്ടി അറിഞ്ഞിരുന്നു. അധ്വാനിച്ച് ഉണ്ടാക്കിയ കാശ് മിച്ചംവച്ച സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നത്. രാജ്യം ദുരിതത്തില്‍ തുടരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യയിലില്ല. ഇന്ന് ഡല്‍ഹിയിലെത്തി നധമന്ത്രി അരുണ്‍ ജെയ്റ്റിലിയെ സംസ്ഥാനത്തിന്റെ വികാരം അറിയിക്കും. തിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത്രയും ദിവസം കഴിഞ്ഞിട്ടും ഒന്നും ക്രമത്തിലായില്ല. ഒരു സര്‍ക്കാരും ഇത്ര നിസംഗമായ നിലപാട് സ്വീകരിക്കാന്‍ പാടില്ല. വിനിമയത്തിലുള്ള ഇത്രയേറെ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ മറ്റ് സംവിധാനം ഒരുക്കണമായിരുന്നു. ഡിസംബര്‍ 30 വരെ പണം മാറാന്‍ അവസരം നല്‍കിയിട്ടുണ്ട്. അതുവരെ ഈ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ച് ജനങ്ങളുടെ ദുരിതം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കള്ളപ്പണം തടയുന്നതിനൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ നോട്ട് പിന്‍വലിക്കുന്ന തീരുമാനം ചില കേന്ദ്രങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞു. അത് എങ്ങനെയെന്ന് വ്യക്തമാക്കണം. ബിജെപി നിക്ഷേപിച്ച പണത്തിന്റെ കണക്കും പുറത്തുവന്നു. നോട്ട് നിരോധനം ചില മാധ്യമങ്ങളും മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കള്ളപ്പണം കയ്യിലുള്ളവര്‍ക്ക് ഒരു ഉപദ്രവവും സംഭവിച്ചില്ല. പണം മിച്ചം വെച്ച സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നത്. നാട്ടിലുള്ള ആളുകള്‍ എന്ത് തെറ്റുചെയ്തു. അവരുടെ കയ്യിലുള്ളത് കള്ളപ്പണമല്ല. ആശുപത്രികളിലടക്കം ആളുകള്‍ ദുരിതത്തിലാണ്. റേഷന്‍ കട കൊള്ളയടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പണം നിക്ഷേപിക്കാന്‍ പോയി പ്രയാസം അനുഭവിച്ചവര്‍ ജീവനൊടുക്കുന്നു. ചികിത്സ കിട്ടാതെയും മരുന്നു വാങ്ങാനാകാതെയും ആളുകള്‍ ദുരിതത്തിലാണ്.

ചില കൈപ്പിഴ റിസര്‍വ് ബാങ്കിന് പറ്റിയതായാണ് വിവരം. സെക്യൂരിറ്റി ത്രഡ് ഇല്ലാതെ വലിയ തുകയുടെ നോട്ടുകള്‍ അച്ചടിച്ച് പുറത്തിറക്കി. ആര്‍ബിഐക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അധ്വാനിച്ച് പണമുണ്ടാക്കിയവരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്.

രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ പ്രധാനമന്ത്രി രാജ്യത്തില്ല. പ്രശ്‌നം വന്ന ഉടനെ സംസ്ഥാനത്തിന്റെ വികാരം കാണിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നോട്ടു നിരോധനം മുന്‍കൂട്ടിക്കണ്ട് മുന്‍കരുതല്‍ എടുത്തവര്‍ക്ക് അതെങ്ങനെ സാധിച്ചു എന്ന് മുഖ്യമന്ത്രി ചോദിച്ചു. പെട്രോള്‍ ലഭ്യതയ്ക്ക് പ്രശ്‌നമില്ല. പെട്രോളിയം മേഖലയില്‍ റിലയന്‍സാണ് മുന്‍പന്തിയിലുള്ളത്. റിലയന്‍സും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വ്യക്തികളും കുടുംബങ്ങളും നടത്തേണ്ട വൈദ്യുതി ബില്‍, വെള്ളക്കരം, പരീക്ഷാഫീസ്, കെട്ടിട നുകുതി അടക്കമുള്ള നികുതികള്‍ എന്നിവയ്ക്ക് ഈമാസം 30 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ നികുതികളും മറ്റും അടയ്ക്കുമ്പോള്‍ കുടിശ്ശിക ഈടാക്കുന്നതല്ല. ഓട്ടോ-ടാക്സി-ചരക്കു വാഹന നികുതിയും അടക്കാന്‍ സമയം നീട്ടും. വാറ്റും എക്സൈസും അടയ്ക്കാന്‍ സമയം നീട്ടി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top